കേരളത്തിലെ തോൽവിയിൽ പോളിറ്റ് ബ്യൂറോക്ക് നിരാശ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിനുണ്ടായ കനത്ത തോൽവിയിൽ പോളിറ്റ്ബ്യൂറോ (പി.ബി)ക്ക് നിരാശ. തെരഞ്ഞെടുപ്പ് വിലയിരുത്തി സംസ്ഥാന ഘടകങ്ങൾ നൽകുന്ന റിപ്പോർട്ടിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്താനും പി.ബി തീരുമാനിച്ചു. ഞായറാഴ്ച ഡൽഹിയിൽ ചേർന്ന പി.ബി യോഗത്തിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തിയത്.
സംസ്ഥാന ഘടകങ്ങൾ നൽകുന്ന റിപ്പോർട്ടുകളിൽ ജൂൺ അവസാനം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിശദ ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ പി.ബിയിൽ പങ്കെടുത്തു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി പ്രതികൂല സാഹചര്യത്തിലും മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായതെന്നും പി.ബി വിലയിരുത്തി.
ഭരണഘടനയെയും രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെയും സംരക്ഷിക്കുമെന്ന് ഉറപ്പിച്ച ഇന്ത്യയിലെ ജനങ്ങൾ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറച്ചു. രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെ ഇൻഡ്യ മുന്നണി ശക്തമായി എതിര്‍ക്കുമെന്നും പി.ബി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇടതുപാര്‍ട്ടികള്‍ ലോക്സഭയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, പടിഞ്ഞാറന്‍ യു.പി എന്നിവിടങ്ങളിലെ കര്‍ഷക ബെല്‍റ്റില്‍ 38 സീറ്റുകള്‍ നഷ്ടമായി. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് എൻ.ഡി.എ സഖ്യത്തിന് 43.31 ശതമാനവും ഇൻഡ്യ മുന്നണിക്ക് 41.69 ശതമാനവും വോട്ടാണ് ലഭിച്ചത്. രണ്ടു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. നീറ്റ് പരീക്ഷ ക്രമക്കേടില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.