പ്രതിലോമതയുടെ ഇരുണ്ട ശക്തികൾക്ക് തിരിച്ചടി നൽകാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണം-പ്രകാശ് കാരാട്ട്
text_fieldsമധുര: പ്രതിലോമതയുടെ ഇരുണ്ട ശക്തികൾക്ക് തിരിച്ചടി നൽകാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണമെന്ന് പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട്. തമുക്കം ഗ്രൗണ്ടിൽ സി.പി.എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നാം തവണയും അധികാരത്തിൽ വന്ന മോദി സർക്കാർ ആർ.എസ്.എസിൻറെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോവുകയും തീവ്രമായ നവഉദാര നയങ്ങൾ നടപ്പാക്കുകയും അമിതാധികാരം പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതിനിടെ നവ ഫാസിസ്റ്റ് പ്രവണതകളും പ്രകടിപ്പിക്കുന്നു. ആർ.എസ്.എസിൻറെ ഫാസിസ്റ്റ് സ്വഭാവമുള്ള അജണ്ട നടപ്പാക്കുന്നതിൻറെ ഭാഗമാക്കി മുസ് ലീം വിഭാഗത്തെ സ്ഥിരമായി വേട്ടയാടുന്നു. ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിടുന്ന വർഗീയ കലാപങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാവുകയാണ്.

ആർ.എസ്.എസ് - ബി.ജെ.പി ദ്വന്ദത്തിനും ഹിന്ദുത്വ ശക്തികൾക്കും എതിരായി ബഹുമുഖ പോരാട്ടം നടത്താൻ ആവശ്യമായ രാഷ്ട്രീയ അടവുനയം പാർടി കോൺഗ്രസ് കൈക്കൊള്ളണം. ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാനും നവ ഉദാരനയങ്ങളുടെ കടന്നാക്രമണത്തിനും എതിരായി സി.പി.എമ്മും ഇതര ഇടതുപക്ഷ പാർട്ടികളും ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിവരുന്നുണ്ട്. ഇത്തരം പോരാട്ടങ്ങളിൽ അണിനിരക്കുന്ന ബഹുജനങ്ങളെ രാഷ്ട്രീയവൽക്കരിക്കണം. ഇവരിൽ ഹിന്ദുത്വ വർഗീയതക്കെതിരെ അതിശക്തമായ പ്രചാരണം നടത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തിന്റെ വേദിയായി സിപിഐ എം 24–ാം പാർടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കൾ ഭട്ടാചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ മണിക് സർക്കാർ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.