സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം -എഫ്.ഐ.ആർ
text_fieldsതലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസിനെ (54) വെട്ടിക്കൊന്ന കേസിൽ തലശ്ശേരി നഗരസഭാംഗം ഉൾപ്പടെ നാലു ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ. തലശ്ശേരി നഗരസഭ അംഗം ടെമ്പിൾ ഗേറ്റ് കൊമ്മൽവയലിലെ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ കെ. ലിജേഷ് (37), പുന്നോൽ ദേവികൃപയിൽ അമൽ മനോഹരൻ (26), പുന്നോൽ കെ.വി. ഹൗസിൽ വിമിൻ (26), തലശ്ശേരി ഗോപാലപേട്ടയിലെ സുനേഷ് നിവാസിൽ എം. സുനേഷ് എന്ന മണി (39) എന്നിവരാണ് അറസ്റ്റിലായത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. ന്യൂമാഹി കൂലോത്ത് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം നടന്ന ആർ.എസ്.എസ് പ്രതിഷേധ യോഗത്തിൽ ലിജേഷ് സി.പി.എമ്മിനെതിരെ പ്രകോപന പ്രസംഗം നടത്തിയിരുന്നു. സി.പി.എമ്മുകാരെ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് പറയുന്ന പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അറസ്റ്റിലായ വിമിൻ ആർ.എസ്.എസ് ഖണ്ഡ് പ്രമുഖാണ്. മഞ്ഞോടി വാർഡിൽനിന്ന് തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. ലിജേഷ് ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റുകൂടിയാണ്. തിങ്കളാഴ്ചതന്നെ എട്ടു പേരെ ന്യൂ മാഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിൽ നാലുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർക്ക് വധഗൂഢാലോചനയിലും ആക്രമണത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂർ അഡീഷണൽ എസ്.പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.