പ്രാക്കുളത്ത് നിന്ന് സി.പി.എമ്മിലേക്ക്, എം.എ ബേബിയുടെ രാഷ്ട്രീയ യാത്ര
text_fieldsകൊല്ലം: എം.എ. ബേബി സി.പി.എം ദേശീയ നേതൃത്വത്തിന്റെ അമരക്കാരനായി സ്ഥാനമേൽക്കുമ്പോൾ അഭിമാനത്തോടെ ഓർക്കാനേറെയുണ്ട് കൊല്ലത്തിന്. എഴുപതുകൾക്കു മുമ്പ് പ്രാക്കുളം എൻ.എസ്.എസ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എം.എ. ബേബി ആദ്യമായി കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ അംഗമാകുന്നത്. മൂത്ത സഹോദരൻ എം.എ. ജോൺസണും പാർട്ടി പ്രവർത്തനങ്ങൾക്കൊപ്പമുണ്ടായിരുന്നു. കാഞ്ഞാവെളിയായിരുന്നു ബ്രാഞ്ച് പരിധി. 1971ൽ കൊല്ലത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം റെഡ് വളന്റിയറായി.
പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കും. വാക്കുകളിൽ തെളിയുന്ന അറിവും വിഷയം നന്നായി അവതരിപ്പിക്കാനുള്ള കഴിവും ബേബിയെ ശ്രദ്ധാകേന്ദ്രമാക്കി. നല്ല കൈയക്ഷരമായതിനാൽ പോസ്റ്റർ എഴുത്ത് അദ്ദേഹമായിരുന്നു. മാറ്ററിന്റെ ഡ്രാഫ്റ്റ് അച്ചടിക്കുന്നതിനെക്കാൾ മനോഹരമായി എഴുതും. അടിയുറച്ച കമ്യൂണിസ്റ്റുകാരായിരുന്നു ബേബിയുടെ കുടുംബം. പ്രാക്കുളം കുന്നത്തുവീട്ടിൽ റിട്ട. ഹൈസ്കൂൾ പ്രധാനാധ്യാപകൻ പരേതനായ അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയ ആളാണ് ബേബി. പഠനം മുടങ്ങുന്നതിന്റെ പരിഭവം അമ്മക്ക് ആദ്യമൊക്കെയുണ്ടായിരുന്നെങ്കിലും അച്ഛന്റെ പൂർണ പിന്തുണ മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതത്തിന് പ്രചോദനമായി. അവനെ കാണാൻ വരുന്ന പാർട്ടിക്കാരെ വിലക്കരുതെന്ന് അലക്സാണ്ടർ വീട്ടുകാരോട് പറഞ്ഞിരുന്നു. മൂത്ത സഹോദരൻ എം.എ. ജോർജ് എൻ.ജി.ഒ യൂനിയൻ നേതാവായിരുന്നു. കൊല്ലം എസ്.എൻ കോളജിലെത്തിയപ്പോൾ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ നേതാവായി ബേബി. ഒട്ടേറെ തവണ പൊലീസ്, ഗുണ്ടാമർദനം.
അടിയന്തരാവസ്ഥക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധപ്രകടനം നയിച്ചതിന് ഡി.ഐ.ആർ പ്രകാരം അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. എസ്.എൻ കോളജ് വിദ്യാർഥിയായിരിക്കെ, പാർട്ടി ഓഫിസ് കേന്ദ്രീകരിച്ച് നിൽക്കാൻ അവസരം ലഭിച്ചതും അതുവഴി എൻ. ശ്രീധരനുമായുള്ള അടുപ്പവുമാണ് വഴിത്തിരിവായത്. 1992ൽ സി.പി.എം പ്രതിനിധിയായി രാജ്യസഭയിലേക്ക് എത്തുമ്പോൾ 32 വയസ്സേ ആയിരുന്നുള്ളൂ.
രണ്ടു ടേമുകളിലായി രാജ്യസഭയിലും ഇ.എം.എസിന്റെ അടുത്ത അനുയായിയായും ബേബി ഡൽഹിയിൽ തുടർന്നു. അക്കാലത്താണ് സ്വരലയ എന്ന സാംസ്കാരികവേദി രൂപവത്കരിക്കുന്നത്. വിഭാഗീയതയുടെ കാലത്ത് വി.എസ് ഇടപെട്ട് ബേബിയെ കേരളത്തിലേക്ക് തിരിച്ചുവിളിച്ചു. 2006ൽ കുണ്ടറയിൽ കോൺഗ്രസിന്റെ കടവൂർ ശിവദാസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗവും വി.എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയുമായി. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, മേഖലയിൽ വരുത്തിയ മാറ്റങ്ങൾ വലിയ സർക്കാർ വിരുദ്ധപ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചിരുന്നു. രണ്ടാം മുണ്ടശ്ശേരി എന്ന പേര് വീണതും അക്കാലത്താണ്. 2014ൽ കുണ്ടറ എം.എൽ.എയായിരിക്കെ, കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും സ്വന്തം തട്ടകത്തിൽപോലും കനത്ത തിരിച്ചടിയായിരുന്നു ഫലം. എതിർ സ്ഥാനാർഥിയായിരുന്ന എൻ.കെ. പ്രേമചന്ദ്രനെതിരെ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗം ബേബിയുടെ തോൽവിയുടെ ആക്കം കൂട്ടി. തോൽവിക്ക് കാരണം ‘പരനാറി’ പ്രയോഗമാണെന്ന് വിശ്വസിച്ച ബേബി രാഷ്ട്രീയ ധാർമികതയുടെ പേരിൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.