മൂന്നാറിൽ നേതാക്കൾ കൈയടക്കിയത് ഹെക്ടർ കണക്കിനു ഭൂമി
text_fieldsഅടിമാലി: വനം, റവന്യൂ വകുപ്പുകളുടെ കൈവശമുള്ളതും നീലക്കുറിഞ്ഞി സേങ്കതമായി സർക്കാർ പ്രഖ്യാപിച്ചതുമായ പ്രദേശത്ത് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും കൈവശപ്പെടുത്തിയത് ഹെക്ടർ കണക്കിനു ഭൂമി. ഭരണ സ്വാധീനമുപയോഗിച്ച് സർക്കാർ ഭൂമിക്ക് വ്യാജപട്ടയങ്ങളും ഉണ്ടാക്കി. യു.ഡി.എഫിൽ പ്രമുഖ സ്ഥാനം വഹിക്കുന്നയാൾക്കും ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ ജനപ്രതിനിധിയും മൂന്ന് സി.പി.എം നേതാക്കളും കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിൽ ഭൂമി കൈയടക്കിയിട്ടുണ്ട്.
50 മുതൽ 300 ഏക്കർവരെ ഭൂമിയുള്ളവർ ഗ്രാൻറീസാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗക്കാരുടെയും ഭൂമി സ്വന്തമാക്കിയവരും ഇവിടെയുണ്ട്. അഡ്വ. ജോയ്സ് ജോർജ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ എന്നിവരുടെ ഭൂമിയുമായി ബന്ധപ്പെട്ട് വിവാദം കൊഴിപ്പിക്കുന്നവർ മറ്റ് കൈയേറ്റങ്ങളുടെ കാര്യത്തിൽ മൗനം പാലിക്കുന്നതിൽ ദുരൂഹതയുമുണ്ട്.
എം.പിയുടെയും എം.എൽ.എയുടെയും ഭൂമിപ്രശ്നം ഉയർത്തിക്കാട്ടി വിവാദം സൃഷ്ടിക്കുന്നവർ ചെങ്ങറ സമരക്കാർക്ക് വിതരണം ചെയ്ത ഭൂമിപോലും കൈയേറിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ കൈയേറ്റങ്ങളെ കുറിച്ച് 2005 ജൂൺ 21ന് സർവേ െഡപ്യൂട്ടി ഡയറക്ടർ തയാറാക്കിയ 26 പേജുള്ള റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
കൈയേറ്റത്തിനു റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1999, 2000 വർഷങ്ങളിൽ നൽകിയ പട്ടയങ്ങളും ചില വില്ലേജ് ഓഫിസർമാർ നൽകിയ കൈവശ സർട്ടിഫിക്കറ്റുകളുമാണ് സർക്കാർ ഭൂമി നഷ്ടപ്പെടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻകാല ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് പട്ടയ ഫയൽ ഉണ്ടാക്കി സർക്കാർ ഭൂമി സ്വന്തമാക്കിയവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.