വിശ്വവിഖ്യാത നാക്കുകൾ; കൺട്രോളില്ലാ ട്രോളുകൾ
text_fieldsമലപ്പുറം: പഴയ കാലമല്ല. എല്ലാം ലൈവാണ്. മന്ത്രിമാരുടെയും പ്രമുഖ നേതാക്കളുടെയുമെല്ലാം വാക്കുകൾ തൽസമയം കാമറകൾ ഒപ്പിയെടുക്കുന്നതിനാൽ പറഞ്ഞൊഴിയാൻ വകുപ്പില്ല. നാക്കുപിഴയെന്നോ അബദ്ധമെന്നോ പാടില്ലായിരുന്നെന്നോ പറഞ്ഞ് ഖേദം പ്രകടിപ്പിക്കേണ്ടിവരും. 2011-16ലെ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു നാക്കുപിഴയിലൂടെ ട്രോളന്മാരുടെ ഇഷ്ടനായകനായതെങ്കിലും ഭരണം മാറിയപ്പോൾ മന്ത്രി ഇ.പി. ജയരാജനായി ആ റോൾ.
തിരുവഞ്ചൂരിെൻറ 'പെമ്പിളൈ എരുമ', മുഖ്യമന്ത്രിയുടെ 'ചപ്പാത്തിച്ചോല'
2017ൽ പൊമ്പിളൈ ഒരുമൈയെക്കുറിച്ച് മന്ത്രി എം.എം. മണി നടത്തിയ പരാമർശങ്ങളെത്തുടർന്ന് പ്രക്ഷുബ്ധമായ നിയമസഭയിൽ പിന്നീട് കണ്ടത് കൂട്ടച്ചിരി. പൊമ്പിളൈ ഒരുമൈ എന്ന് ഉച്ചരിക്കാനാവാതെ പ്രയാസപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ 'പെമ്പിളൈ എരുമ' എന്ന് പറഞ്ഞൊപ്പിച്ചതോടെ ഭരണ, പ്രതിപക്ഷ ഭേദമന്യേ ചിരിയിലമർന്നു. അടിയന്തര പ്രമേയം ചർച്ചക്ക് വന്നപ്പോൾ മൂന്നാറിൽ കുരിശ് പൊളിച്ച പാപ്പാത്തിച്ചോല മുഖ്യമന്ത്രി പിണറായി വിജയെൻറ നാക്കിൽ 'ചപ്പാത്തിച്ചോല'യായി. ഞെട്ടലിലും ചിരിയിലും സഭ മുന്നോട്ടുപോകവെ കെ.എം. മാണിയുടെ പ്രഖ്യാപനം: മന്ത്രി മാണിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ 'ഞാനും എെൻറ പാർട്ടിയും രാജിവെക്കുന്നു' എന്നാണ് മാണി പറഞ്ഞത്. സഭാനടപടികൾ ബഹിഷ്കരിക്കുന്നെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
കേരളത്തിെൻറ മുഹമ്മദലി
2016ൽ കായികമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് ഇ.പി. ജയരാജൻ വലിയ അബദ്ധം പറഞ്ഞത്. ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തിൽ അനുശോചനം തേടി ചാനലിൽ നിന്ന് വിളിച്ചതായിരുന്നു. പ്രതികരണം ഇങ്ങനെ: ''അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദലി മരിച്ചതായി അറിഞ്ഞു. കേരളത്തിന് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദലി കേരളത്തിെൻറ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ടുവന്നു'' -ഈ വാക്കുകൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ചിരിപ്പിച്ചു.
മൂന്ന് മാസത്തിന് ശേഷം, ഒളിമ്പിക്സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് തിരുവനന്തപുരത്ത് നല്കിയ സ്വീകരണത്തിൽ മന്ത്രി ജയരാജെൻറ നാക്കുപിഴയുടെ പെരുമഴ. ദിപാ കര്‍മാക്കറിനെ ദീപാ കര്മാര്ക്കറാക്കി. സാക്ഷി മാലിക് മാലി സാക്ഷിക്കായി. അവസാനം 'ബക്രീദിനും ഓണത്തിനും' പകരം 'റമദാനും ഓണവും' ആശംസിച്ചാണ് സംസാരം അവസാനിപ്പിച്ചത്. നിയമസഭ പ്രസംഗത്തിലും നാക്കുപിഴ തുടർന്നു.
ജിമ്മി ജോർജ് -'അഞ്ജുവിെൻറ ഭർത്താവ്'
അഞ്ജു ബോബി ജോർജ് വിഷയത്തിൽ മന്ത്രി ജയരാജനെ വിമർശിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞതിങ്ങനെ: ''ആർക്കാണറിയാത്തത്. അഞ്ജു മാത്രമല്ല. അഞ്ജുവിെൻറ ഭർത്താവ് ജിമ്മി ജോർജ്. ജിമ്മി ജോർജിെൻറ കുടുംബം എല്ലാം കായിക രംഗത്ത് ജീവിതമർപ്പിച്ചവരാണ്'' -ഇത് വാർത്തയായപ്പോൾ തെൻറ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായി സുധാകരൻ. അഞ്ജു ബോബി ജോർജിെൻറ ഭർതൃ സഹോദരനാണ് ജിമ്മി ജോർജെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അഞ്ജുവും ഭർത്താവും ജിമ്മിയും എന്നാണ് താൻ പറഞ്ഞതെന്നും കുത്തോ കോമയോ ഇടാത്തതും അഞ്ജുവിെൻറ ഭർതൃസഹോദരൻ ജിമ്മി എന്ന് പ്രത്യേകം പറയാത്തതും മൂലമാണ് അങ്ങനെ വായിച്ചതെന്നുമായിരുന്നു കെ. സുധാകരെൻറ വിചിത്ര വിശദീകരണം. ആർക്കിടെക്റ്റ് ജി. ശങ്കറെ മന്ത്രി കെ.ടി. ജലീൽ ഒരിക്കൽ വിശേഷിപ്പിച്ചത് പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ എന്നായിരുന്നു.
ജന്മദിനത്തിലെ അനുശോചനവും മുതുമുത്തച്ഛൻ ഗാന്ധിജിയും
2019ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനാഘോഷ ചടങ്ങിലെ പ്രസംഗത്തിൽ മന്ത്രി എം.എം. മണിക്ക് നാക്കുപിഴച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച ദിവസമാണെന്നും ഇന്നൊരു സുദിനമാണെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് നെഹ്റു കുടുംബവും ഗാന്ധി കുടുംബവും പരസ്പരം മാറിപ്പോയത് സമൂഹമാധ്യമങ്ങൾ മാസങ്ങളോളം ആഘോഷിച്ചതാണ്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്നായിരുന്നു ഫിറോസിെൻറ കണ്ടുപിടിത്തം. മറ്റൊരു പ്രസംഗത്തിലും ഫിറോസിന് പിഴച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലം ശ്രീപെരുമ്പത്തൂരിന് പകരം കോയമ്പത്തൂരാക്കി.
ചെന്നിത്തലയുടെ ഉസ്മാൻ
കഴിഞ്ഞ വർഷം ലോക്ഡൗണ്‍ കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഫോൺ വിളിയിലൂടെ ട്രോളുകളിൽ നിറഞ്ഞ പേരാണ് ഉസ്മാൻ. 'ഹലോ ഉസ്മാൻ, എങ്ങിനെയുണ്ട്? അവിടെ കോവിഡുമായി ബന്ധപ്പെട്ട വല്ല പ്രയാസങ്ങളുമുണ്ടോ നമ്മുടെ ആളുകൾക്ക്' എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഇത് വ്യാജകോളാണെന്ന് എതിരാളികൾ പ്രചരിപ്പിച്ചു. പ്രവാസി കോണ്‍ഗ്രസ് നേതാവിനെയാണ് വിളിച്ചതെന്ന് ചെന്നിത്തല വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.