അവസാനവട്ട ചർച്ചകളിലേക്ക് മുന്നണികൾ
text_fieldsതിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിെൻറ ആദ്യ ഘട്ടത്തിലേക്ക് സി.പി.എമ്മും സീറ്റ്ധാരണയിൽ അവസാനവട്ട ചർച്ചകളിലേക്ക് എൽ.ഡി.എഫും കടക്കുന്നു. സീറ്റ് പങ്കുവെക്കൽ ദിവസങ്ങൾക്കകം പൂർത്തിയാക്കി സ്ഥാനാർഥിനിർണയത്തിലേക്ക് യു.ഡി.എഫും കടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയയാത്രക്ക് ഇടയിലും ബി.ജെ.പിയിലും എൻ.ഡി.എയിലും സ്ഥാനാർഥിയെ തേടൽ സജീവമാണ്.
വിവിധ ജില്ലകളിൽ മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ചേരുന്ന ജില്ല സെക്രേട്ടറിയറ്റിലാവും സി.പി.എം സ്ഥാനാർഥിനിർണയത്തിെൻറ പ്രാഥമിക ചർച്ചകൾ നടക്കുക. ഒാരോ മണ്ഡലത്തിൽനിന്നും ഒന്നിലധികം പേരുകൾ അടങ്ങുന്ന പട്ടിക സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും. നാലിന് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് ഇത് പരിശോധിക്കും. അഞ്ചിലെ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം പ്രസിദ്ധീകരിക്കും. എൽ.ഡി.എഫിലെ അവസാന റൗണ്ട് സീറ്റ് ധാരണ ചർച്ചകൾ ഇന്നാണ് ആരംഭിക്കുന്നത്. സി.പി.െഎയുമായിട്ടാണ് പ്രധാന ചർച്ച. കേരള കോൺഗ്രസ് എമ്മിനും എൽ.ജെ.ഡിക്കും കൂടി കുറഞ്ഞത് 14 സീറ്റ് കെണ്ടത്തേണ്ടിവരും. നിലവിലെ കക്ഷികൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന സി.പി.എമ്മിെൻറ നിർദേശം മനസ്സിൽവെച്ചാവും ഘടകകക്ഷികൾ ചർച്ചക്ക് എത്തുക. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും വിട്ടുവീഴ്ചക്ക് തയാറെന്ന സൂചന സി.പി.െഎ നൽകിയിട്ടുണ്ട്.
മാണി സി. കാപ്പൻ കളംമാറിയതോടെ എൻ.സി.പിക്ക് പാലാ സീറ്റ് നഷ്ടമാവുമെന്ന് ഏതാണ്ട് ഉറപ്പായി. ജെ.ഡി.എസിനും മറ്റ് ചെറുകക്ഷികൾക്കും നഷ്ടം പങ്കുവെക്കേണ്ടിവരും. വിജയവും തുടർഭരണവും എന്ന ഭാരിച്ച ലക്ഷ്യം മുന്നിൽ നിൽക്കുേമ്പാൾ കഴിവതും അസ്വാരസ്യം ഒഴിവാക്കാനാണ് സി.പി.എം ശ്രമം. സി.പി.െഎയിൽ മാർച്ച് മൂന്നിലെ സംസ്ഥാന നിർവാഹകസമിതിയോടെ കീഴ്ഘടകങ്ങളിൽ സ്ഥാനാർഥി നിർണയം തുടങ്ങും.
കേരള കോൺഗ്രസ് ജെയും ലീഗുമായുള്ള കോൺഗ്രസിെൻറ സീറ്റ് പങ്കുവെക്കൽ ചർച്ചകളാണ് യു.ഡി.എഫിൽ ഇനി പ്രധാനം. ജോസിന് എൽ.ഡി.എഫിൽ ലഭിക്കുന്ന പരിഗണനക്ക് തുല്യമായ സീറ്റ് വേണമെന്നതാണ് പി.ജെ. ജോസഫ് വിഭാഗത്തിെൻറ ആവശ്യം. ചുരുങ്ങിയത് ഒമ്പത് സീറ്റിൽ നിർത്താനാണ് കോൺഗ്രസ് ശ്രമം. ലീഗിന് മൂന്ന് സീറ്റ് അധികം നൽകും. സി.എം.പി നേതാവ് സി.പി. ജോണിനെ വിജയിക്കുമെന്ന് ഉറപ്പുള്ള ലീഗിെൻറ സീറ്റിൽ നിർത്താനും ആലോചനയുണ്ട്.
വള്ളിക്കുന്നോ തിരുവമ്പാടിയോ ആണ് ലീഗ് നേതൃത്വത്തിെൻറ പരിഗണനയിൽ. സംസ്ഥാന പ്രസിഡൻറ് തെരഞ്ഞെടുപ്പ് യാത്രയിൽ കുടുങ്ങിയ ബി.ജെ.പിയിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. 12ന് തന്നെ സ്ഥാനാർഥിപട്ടിക പുറത്തിറക്കാനാണ് ബി.ജെ.പി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.