ഉരുൾദുരന്തം: കേന്ദ്ര അവഗണന പ്രതിഷേധാർഹം -വെൽഫെയർ പാർട്ടി
text_fieldsകൽപറ്റ: വയനാട് ദുരന്തം സംഭവിച്ച് രണ്ടുമാസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ ധനസഹായം നൽകാത്ത കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന ക്രൂരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മേപ്പാടി-മുണ്ടക്കൈ-ചൂരൽമല മേഖലയിലെ ദുരിതബാധിതരെയും പ്രദേശവാസികളെയും സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചത് 145.60 കോടി രൂപ മാത്രമാണ്.
പുനരധിവാസം ഉൾപ്പെടെ 2000 കോടിക്ക് മുകളിൽ അനിവാര്യമായിരിക്കെയാണ് തുച്ഛമായ തുക അനുവദിച്ചു കേന്ദ്രം ക്രൂരത കാണിക്കുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. പുനരധിവാസത്തിന് കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്ന പരാതി മുഖവിലക്കെടുക്കണം.
ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കണം. എസ്റ്റേറ്റ് പാടികളിൽ താമസിക്കുന്നവരെ പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണം. ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ധനസഹായം പുനരധിവാസം പൂർത്തിയാകുന്നതുവരെ തുടരണം. കാണാതായ 47 പേരുടെ കുടുംബങ്ങളെ കൂടി ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്: കേന്ദ്രം സഹായിച്ചില്ല, പ്രതിഷേധാർഹം -സി.പി.എം
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേരളത്തെ സഹായിക്കുന്ന ഒരു നിലപാടും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി വന്നുപോയിട്ടും കേരളത്തോടുള്ള അവഗണന നീളുകയാണ്. ഹൈകോടതി പോലും കേന്ദ്രത്തിന്റെ നിരുത്തരവാദ നടപടിയെ വിമർശിച്ചു. വയനാട് ദുരന്തം കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തതായിരുന്നു. അവരുടെ ജീവിതപ്രയാസം, പുനരധിവാസം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും കേരളത്തിലെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് പങ്കുചേര്‍ന്നു. ഇതെല്ലാം കേരളത്തെ ലോകത്തിന് മുന്നില്‍ മാതൃകയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികളെ അപമാനിച്ച മാത്യു കുഴൽനാടൻ ചരിത്രാവബോധത്തെ നിഷേധിക്കുന്ന കോമാളിയായി മാറിയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കുഴല്നാടന് ഇനിയും ചരിത്രം പഠിക്കാനുണ്ട്. അദ്ദേഹം പുഷ്പനെ അപമാനിച്ചു. മാപ്പർഹിക്കാത്ത പരാമർശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.