പോളിങ് കുറഞ്ഞത് കർഷകരെയും ആദിവാസികളെയും അവഗണിച്ചതിനാൽ -വയനാട് പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപറ്റ: കർഷകരുടെയും ആദിവാസികളുടെയും ഭൂരഹിതരുടെയും പ്രശ്നങ്ങളെക്കാൾ കൂടുതൽ രാത്രിയാത്രാ നിരോധനം പോലെ അസംബന്ധ അജണ്ടകൾക്ക് ഊന്നൽ നൽകിയതിന്‍റെ ഫലമാണ് വയനാട്ടിലെ വോട്ടർമാർ കൂട്ടത്തോടെ വോട്ട് ചെയ്യാതെ വിട്ടുനിൽക്കാൻ കാരണമായതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. രാഷ്ട്രീയ മാനേജർമാർക്ക് ഇത് വൃക്തമായി അറിയാമായിരുന്നിട്ടും അവർ അജ്ഞത നടിക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി.
പ്രിയങ്കാ ഗാന്ധിയെയും രാഹുൽഗാസിയെയും തെറ്റിദ്ധരിപ്പിക്കുന്നതിൽ മാഫിയകളും ലോബികളും വിജയിച്ചു. ടൂറിസം ബ്രാൻഡ് അമ്പാസിഡർമാരാകാനാണ്, കർഷകരുടെ രക്ഷകരാകാനല്ല ഇവർ ഉത്സാഹിച്ചതെന്നത് വലിയ ദുര്യോഗമാണ്.
വയനാട്ടിലെ രണ്ടു ലക്ഷത്തോളം വരുന്ന ആദിവാസികൾ ഭൂരഹിതരും അരക്ഷിതരും വിദ്യഭ്യാസ-ആരോഗ്യ സൌകര്യങ്ങൾ ലഭ്യമാവാതെ പുറമ്പോക്കിൽ തള്ളപ്പെട്ടവരുമാണ്. ആയിരക്കണക്കിന്ന് തോട്ടം തൊഴിലാളികൾ ആധുനിക സമൂഹത്തിന്ന് അപമാനകരമായ സാഹചര്യത്തിലാണ് ഉപജീവിക്കുന്നത്. വയനാടൻ ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യം പരിതപകരമാണ്. വയനാട്ടിൽ രൊറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇല്ല. വിമാനത്താവളത്തിനും റെയിൽവേ ക്കും ബദൽ റോഡുകൾക്കും വേണ്ടി കണ്ഠക്ഷോഭം നടത്തിയവർ ഇതൊക്കെ അവഗണിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അരമനകളിലും മതസ്ഥാപനങ്ങളിലും സമുദായ നേതാക്കളുടെ തിണ്ണയും നിരങ്ങിയവർ ഏതെങ്കിലും കർഷകരെയോ ആദിവാസി ഗ്രാമങ്ങളിലോ പോയി ആശയവിനിമയം നടത്താൻ തയാറായില്ല. ഇവരിൽ ആര് ജയിച്ചു വന്നാലും വയനാട്ടിലെ മഹാഭൂരിഭാഗം വരുന്ന കോരന്മാർക്ക് കഞ്ഞി കുമ്പിളിൽ തന്നെയായിരിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ. ബാദുഷ, സെക്രട്ടറി തോമസ്സ് അമ്പലവയൽ, ട്രഷറർ ബാബു മൈമ്പാടി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.