മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കും തീവ്രവാദ പ്രസ്ഥാനങ്ങൾക്കുമിടയിൽ 'സജീവമായ അന്തർധാര'യെന്ന് കെ.സി.ബി.സി
text_fieldsകൊച്ചി: മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കും തീവ്രവാദ പ്രസ്ഥാനങ്ങൾക്കുമിടയിൽ പരസ്പര സഹായത്തിെൻറ 'സജീവമായ അന്തർധാര'യെന്ന് കരുതേണ്ടിയിരിക്കുന്നെന്ന വിവാദ പരാമർശവുമായി കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിൽ). കെ.സി.ബി.സി ഐക്യ ജാഗ്രത കമീഷെൻറ മുഖപത്രമായ 'ജാഗ്രത ന്യൂസി'െൻറ പുതിയ ലക്കത്തിൽ കമീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ 'ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ഈ പരാമർശമുള്ളത്.
മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനമാണ് ബിഷപ്പ് കരിയില്‍ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ മുസ്‌ലിം ലീഗ് മതേതര പരിവേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്. ഇത്രകാലം തീവ്രവാദികളെന്നു പറഞ്ഞ് അകറ്റി നിർത്തിയിരുന്നവരുമായി തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ അവർ ധാരണയിലെത്തിയിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്. ഇവർക്കെല്ലാവർക്കും തമ്മിൽ തമ്മിൽ പ്രത്യക്ഷത്തിൽ അഭിപ്രായ വ്യത്യാസമുള്ളപ്പോഴും, ഇവർക്കും തീവ്രവാദ പ്രസ്ഥാനങ്ങൾക്കുമിടയിൽ പരസ്പര സഹായത്തിെൻറ 'സജീവമായ ഒരു അന്തർധാര' നിലനിൽക്കുന്നെന്ന് കരുതേണ്ടിയിരിക്കുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇസ്ലാമിനെയും ഇസ്ലാമിക ജീവിതത്തയും ഉദാത്തവത്കരിച്ചും ഇതര സമൂഹങ്ങളെ പ്രത്യേകിച്ച് ക്രിസ്തുമതത്തെ അപഹസിച്ചും അടുത്ത കാലത്ത് പല സിനിമകളും ഉണ്ടായെന്നും ഇവക്കെല്ലാം പിന്നിൽ 'ഷാഡോ പ്രൊഡ്യൂസേഴ്സ്' ആണെന്ന സംശയം ശരിയാണെന്നാണ് അടുത്തകാലത്തെ സംഭവ പരമ്പരകൾ വെളിപ്പെടുത്തുന്നതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.
മലബാര്‍ വിപ്ലവം സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമല്ലെന്നും അദ്ദേഹം വാദിക്കുന്നു. 'വാരിയന്‍കുന്നന്‍' സിനിമ പ്രഖ്യാപിച്ചതില്‍ അസ്വാഭാവികയുണ്ട്. മലബാര്‍ കലാപം അക്രമാസക്തമായതോടെ അതിന് സ്വാതന്ത്ര്യസമരവുമായുള്ള ബന്ധം ഇല്ലാതെയെന്നും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായി ഉയര്‍ത്തികാണിക്കുന്നത് വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡൻറ് കൂടിയാണ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍.
മലബാർ കലാപം ജന്മിമാരുടെ ചൂഷണത്തിനെതിരായ കർഷക മുന്നേറ്റമായിരുന്നു എന്നു കരുതാൻ ന്യായമുണ്ട്. വാരിയൻകുന്നത്ത് തുർക്കിയിലെ ഖിലാഫത്ത് പുനഃസ്ഥാപനത്തിനായി പടക്കിറങ്ങിയ ആളാണ്. ഖിലാഫത്തിനെ തോൽപ്പിച്ച് ഇല്ലാതാക്കിയത് ബ്രിട്ടീഷുകാരാണ്. ഖിലാഫത്തിനായുള്ള ഐക്യനിര ബ്രിട്ടീഷുകാർക്കെതിരെ ഉയർത്തി െകാണ്ടുവരാൻ വാരിയൻകുന്നത്തിന് സാധിച്ചു. ആ ഒറ്റക്കാരണത്താൽ മലബാർ കലാപം സ്വതന്ത്ര്യസമരത്തിെൻറ സ്വഭാവിക ഭാഗമായിരുന്നു എന്ന് പറയാൻ കഴിയില്ല. എല്ലാ ജനവിഭാഗങ്ങളെയും സ്വാതന്ത്ര്യസമരത്തില്‍ പങ്കുകാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്തുകാരെയും സ്വാതന്ത്ര്യസമരത്തിലേക്ക് ഉള്‍ക്കൊണ്ടത്.
അക്രമരഹിതമായിരിക്കണം സമരം എന്നത് ഗാന്ധിജിയുടെ പ്രഖ്യാപിത നയമായിരിക്കേ, മലബാര്‍കലാപം അക്രമാസക്തമായപ്പോള്‍ സ്വാതന്ത്ര്യസമരത്തോടുള്ള അതിെൻറ ബന്ധവും ഫലത്തില്‍ ഇല്ലാതാവുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. മലബാറിലെ കർഷക സമരത്തിന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമാകാൻ സാധുവായ കാരണങ്ങൾ ബോധ്യപ്പെടും വിധം തെളിവുകൾ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അതിനെല്ലാം മുമ്പ് വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോയെന്നും ബിഷപ്പ് ചോദിക്കുന്നു. ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
മലബാര്‍ കലാപത്തിെൻറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വാരിയന്കുന്നത്തിെൻറ കഥയുമായി നാല് സിനിമകള്‍ ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടതില്‍ യാദൃശ്ചികതയുടെ കൗതുകം ബാക്കിയാകുന്നെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം, വാരിയന്‍കുന്നത്തിനും മലബാര്‍ വിപ്ലവത്തിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന അതേ വാദങ്ങള്‍ കെ.സി.ബി.സിയിൽ നിന്നും ഉയരുന്നത് കത്തോലിക്ക സഭാധികാരികള്‍ സംഘപരിവാറിനൊപ്പം നീങ്ങുന്നതിെൻറ വ്യക്തമായ സൂചനകളാണെന്ന നിരീക്ഷണങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.