മതേതരത്വം സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തം കാണിക്കണം -കാന്തപുരം
text_fieldsആമ്പല്ലൂര്‍ (തൃശൂർ): ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിക്കാൻ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമങ്ങളുണ്ട്. അതിന് ആരും വളംവെച്ചുകൊടുക്കരുത്.
കേരളത്തിലെ ബഹുഭൂരിഭാഗം പേരും മതേതരമായി ചിന്തിക്കുന്നവരാണ്. തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ പേരില്‍ മതേതരവിശ്വാസികളെ വര്‍ഗീയവാദികളായി ചിത്രീകരിക്കരുത്. സമൂഹത്തില്‍ സ്വാധീനമില്ലാത്ത സംഘടനകള്‍ക്ക് അനാവശ്യ പ്രചാരണം നല്‍കുന്നതും ഗുണകരമല്ല. വര്‍ഗീയ ചേരിതിരിവുകളെ ശക്തമായി പ്രതിരോധിക്കാനാകണം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ബംഗ്ലാദേശിലും ഫലസ്തീനിലുമുൾപ്പെടെ പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ ഭരണകൂടമര്ദനങ്ങള്ക്കും ഭൂരിപക്ഷപീഡനങ്ങള്ക്കും ഇരകളാകുന്നു. ഇതെല്ലാം അപലപനീയമാണ്. ഇരകള്‍ക്കൊപ്പമാണ് നമ്മുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വര സൗഹൃദജീവിതം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിക്കുകയും മതത്തിനകത്തുനിന്നുണ്ടാകുന്ന വിധ്വംസക ആശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് സുന്നികളുടേത്.
സലഫിസം, പൊളിറ്റിക്കല്‍ ഇസ്ലാം പോലെയുള്ള പ്രതിലോമ ചിന്താഗതികളെ സമസ്ത ശക്തമായി എതിര്‍ത്തിട്ടുണ്ട്. ആശയ വിമര്‍ശനം ഇനിയും തുടരുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പണ്ഡിതന് യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി ഇബ്രാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന് സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, എം. മുഹമ്മദ് സഖാഫി എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ പത്തിന് ഫ്യൂച്ചര്‍ കേരള സമ്മിറ്റ് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചിന് പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാന് എം.പി പ്രഭാഷണം നടത്തും. പതിനായിരം സ്ഥിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
25,000 അതിഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിദിന സായാഹ്ന ആശയ സമ്മേളനവുമുണ്ട്. വിപുലമായ എക്സ്പോയും ദേശീയ പ്രതിനിധി സംഗമവും സമ്മേളനത്തിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.