എൻ.എസ്.എസ് നീക്കത്തിൽ രാഷ്ട്രീയ സമ്മർദ തന്ത്രം
text_fieldsകോട്ടയം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ പരാമർശത്തെതുടർന്ന്, വിശ്വാസ സംരക്ഷണവാദം ഉന്നയിക്കുന്ന എൻ.എസ്.എസ്, അതിലൂടെ ലക്ഷ്യമിടുന്നത് രാഷ്ട്രീയ സമ്മർദ തന്ത്രം. സമദൂര സിദ്ധാന്തത്തിലൂടെ കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ലഭിക്കാത്ത സാഹചര്യത്തിൽ അത് തിരിച്ചുപിടിക്കാൻകൂടി സംഘടന ഈ അവസരം ഉപയോഗപ്പെടുത്തുന്നതായാണ് വിലയിരുത്തൽ. സി.പി.എമ്മിനെയും സർക്കാറിനെയും സമ്മർദത്തിലാക്കലാണ് ആദ്യ ലക്ഷ്യമെങ്കിലും അതിൽ കുടുങ്ങില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകൾ സി.പി.എം ഭാഗത്തുനിന്നുതന്നെ പുറത്തുവന്നു.
അതിനിടെ, വിശ്വാസ സംരക്ഷണത്തിന് ആർ.എസ്.എസ്, ബി.ജെ.പി ഉൾപ്പെടെ ഹിന്ദുസംഘടനകൾക്കൊപ്പം കൈകോർക്കുമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന കോൺഗ്രസിനെ വെട്ടിലാക്കി. വിഷയത്തിൽ ഇതുവരെ മൗനം പുലർത്തിയിരുന്ന കോൺഗ്രസ് നേതാക്കൾക്കും അടിയന്തരമായി പ്രതികരിക്കേണ്ടി വന്നു. വിശ്വാസത്തിനൊപ്പമാണെന്ന് അവരും പറഞ്ഞു. മുമ്പ് ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്ര ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തത് യു.ഡി.എഫിനായിരുന്നു. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും ഇപ്പോൾ എൻ.എസ്.എസിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, എൻ.എസ്.എസ് നിലപാട് ബി.ജെ.പിയുടെ ആത്മവിശ്വാസം കൂട്ടി. എൻ.എസ്.എസ് ആഹ്വാനം ശിരസ്സാവഹിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ക്ഷേത്ര ദർശനവും നടത്തി. എൽ.ഡി.എഫിലെ സി.പി.എം ഒഴികെ കക്ഷികളിലും പ്രസ്താവന പ്രതിഫലിക്കുമെന്ന വിലയിരുത്തൽ എൻ.എസ്.എസിനുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട വ്യക്തിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിലും സംഘടനയുടെ ആവശ്യങ്ങൾ അവഗണിക്കുന്നതിലും നേതൃത്വത്തിന് നീരസമുള്ളതായി പറയുന്നു. അതേസമയം, നേതൃത്വത്തിനെതിരെ ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ രംഗത്തുവന്നത് എൻ.എസ്.എസിന് തിരിച്ചടിയാവുകയും ചെയ്തു. എസ്.എൻ.ഡി.പിയുമായി ഏറെനാളായി നല്ല ബന്ധത്തിലല്ലാതിരിക്കെ, എസ്.എൻ.ഡി.പി നേതാവ് തുഷാർ വെള്ളാപ്പള്ളി പിന്തുണച്ചത് എൻ.എസ്.എസിന് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാൽ, വിഷയത്തിൽ സംയുക്ത പ്രക്ഷോഭമുണ്ടാകില്ലെന്ന സൂചനയാണ് തുഷാർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.