റോഡിലെ കുഴികളുടെ പേരിലും രാഷ്ട്രീയപ്പോര്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ പേരിലും നിയമസഭയിൽ ആരോപണ പ്രത്യാരോപണങ്ങൾ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് രാഷ്ട്രീയം എടുത്തിട്ടപ്പോൾ പ്രതിപക്ഷം ഏറ്റുപിടിച്ചു. എല്‍ദോസ് കുന്നപ്പിള്ളിയുടെ അടിയന്തരപ്രമേയ നോട്ടീസാണ് രാഷ്ട്രീയ വാദപ്രതിവാദത്തിന് വേദിയായത്. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. ജനങ്ങളെ ബാധിക്കുന്ന വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെ മന്ത്രി രാഷ്ട്രീയമാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
അടുത്ത നാലുവര്‍ഷത്തിൽ 50 ശതമാനത്തിലധികം മരാമത്ത് റോഡുകള്‍ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടിയിൽ വ്യക്തമാക്കി. മരാമത്ത് വകുപ്പിന്‍റെ കീഴിലല്ലാത്ത 2.70 ലക്ഷം കിലോമീറ്റര്‍ റോഡുകളുടെ പഴിയും വകുപ്പാണ് കേള്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നില്ലെന്നും അവരുടെ ഭാഗത്തെ ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടും ഒരുപോലെയെന്ന് പറഞ്ഞ് ഒന്നായി കാണാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കുതിരാൻ ടണലിന്‍റെ കാര്യത്തില്‍ കേരളസര്‍ക്കാറിനെ അവഗണിച്ചു. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ പ്രതിപക്ഷനേതാവ് തയാറായില്ല. ബി.ജെ.പി ഫെഡറലിസത്തിനുള്ള വെല്ലുവിളി ഇനിയും ചൂണ്ടിക്കാട്ടി മുന്നോട്ടുപോകുമ്പോള്‍ അതിനെ തടയാന്‍ അടിയന്തരപ്രമേയമല്ല, അടിയന്തിരം നടത്തിയാലും പിന്മാറില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിന് അതേനാണയത്തില്‍ തന്നെ പ്രതിപക്ഷനേതാവും തിരിച്ചടിച്ചു. രാഷ്ട്രീയംപറയാനല്ല ഇവിടെ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി ഇവിടെ വന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിനാണെന്നതില്‍ തര്‍ക്കമില്ല. അതു പറഞ്ഞിട്ടുമുണ്ട്. വയനാട്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വന്നതിനെതിരെ താന്‍ പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയെ വയനാട്ട് നിന്ന് തുരത്തണമെന്നാണ് അവര്‍ പറഞ്ഞത്. അതിനുശേഷം ഒരുമാസത്തിനകം രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് ഭരണപക്ഷം അതു പാലിച്ചു. ബി.ജെ.പിക്കെതിരെ തങ്ങള്‍ എന്നും പറയും. എന്നാല്‍, പൊതുമരാമത്ത് വകുപ്പിലാണോ, ദേശീയപാതയിലാണോ കുഴിയെന്ന സംവാദത്തിലാണ് നിങ്ങള്‍.
ഇത്രയും കുഴികള്‍ ഉണ്ടായത് പൊതുമരാമത്ത് വകുപ്പില്‍ പുതുതായി രൂപവത്കരിച്ച മെയിന്‍റനന്‍സ് വിഭാഗവും റോഡ് വിഭാഗവും തമ്മിലെ തര്‍ക്കം മൂലമാണെന്ന് സതീശന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.