സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ ജീവിക്കാനാവില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് -ജി. സുധാകരൻ
text_fieldsആലപ്പുഴ: സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തിൽ ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. രാഷ്ട്രീയക്കാർ സമുദായ സംഘടനകളുടെ പിറകെ നടക്കരുത്. സമുദായവും മതവും അവരുടെ ജോലിയാണ് ചെയ്യുന്നത്. കേരളത്തിൽ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറായി ആർ.എസ്.എസ് അംഗമല്ലാത്ത രാജീവ് ചന്ദ്രശേഖരനെ കേരളത്തിൽ എന്തിനാണ് കൊണ്ടു വന്നതെന്ന് പലർക്കും മനസ്സിലായിട്ടില്ല. പല പുതിയ കാര്യങ്ങളും സംഭവിക്കാൻ പോകുന്നുവെന്ന സൂചനയാണിത്. ആർ.എസ്.എസും ബി.ജെ.പിയും വരെ ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാൽ മാത്രമേ നിലനിൽക്കൂവെന്ന് മനസ്സിലാക്കി. ജനങ്ങളെ ആകർഷിച്ച കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പണ്ടേ ഇത് മനസ്സിലാക്കിയപ്പോഴാണ് കോൺഗ്രസ് തോറ്റത്.
മുതിർന്നവരെ സംരക്ഷിക്കണമെന്നാണ് കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുള്ളത്. പെൻഷൻ കൊടുത്താൽ മുടിഞ്ഞു പോകുമെന്ന് പറഞ്ഞു കളയരുത്. അത് ആരുപറഞ്ഞാലും അംഗീകരിക്കാനാവില്ല. മർക്കടമുഷ്ടിക്കാരനെന്ന് വിളിച്ചാണ് എസ്.എഫ്.ഐ നേതാവ് ഫേസ്ബുക്കിലൂടെ തന്നെ അധിക്ഷേപിച്ചത്. 62 വർഷം പാർട്ടി മെംബറായി ഇരുന്നതിന്‍റെ അവാർഡാണിത്. ഇത് തെറ്റാണെന്ന് ആരും പറഞ്ഞില്ല.
യോഗ്യതയില്ലാത്തവർ കയറിയാൽ ആ സ്ഥാനത്ത് അധിക ദിവസം ഇരിക്കില്ല. ജനങ്ങളുടെ പിന്തുണ വേണമെന്നും ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് ബാധ്യതയാകുമെന്നും ജി. സുധാകരൻ പറഞ്ഞു. പുന്നപ്ര-വയലാർ സമരനായകനും മുൻമന്ത്രിയുമായ ടി.വി. തോമസിന്‍റെ ചരമവാർഷികാചരണഭാഗമായി സി.പി.ഐ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.