അക്രമരാഷ്ട്രീയം വീണ്ടും; ആയുധമാക്കി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പ് ചർച്ചയാക്കി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനുറച്ച് കോൺഗ്രസ്. സംഭവത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് നേതാക്കളെത്തിയത് ചൂണ്ടിക്കാട്ടി പ്രചാരണം കടുപ്പിക്കാനാണ് തീരുമാനം. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസുമായി ചേർത്താണ് ബോംബുസ്ഫോടനത്തിലും സി.പി.എം നിലപാടിനെ കോൺഗ്രസ് ചോദ്യംചെയ്യുന്നത്.
‘‘കൊലപാതകത്തില്‍ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് നേതാക്കൾ കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കിയെന്നും സമാന നിലയാണ് പാനൂരിലും ആവർത്തക്കുന്നതെന്നുമാണ്’’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. കണ്ണൂരിലും വടകരയിലുമടക്കം ടി.പി. വധം സജീവ പ്രചാരണ വിഷയമാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പാനൂർ സംഭവം സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന് തെളിവായി കോൺഗ്രസ് തുറന്നുകാട്ടുന്നത്.
തള്ളിപ്പറയുമ്പോഴും മരിച്ചയാളുടെ വീട്ടിൽ നേതാക്കളെത്തിയതിൽ കൃത്യമായ വിശദീകരണം സി.പി.എം നേതാക്കളിൽനിന്നുണ്ടാകാത്തതും കോൺഗ്രസ് ആയുധമാക്കുന്നു. പാര്‍ട്ടിയുടെ ഉത്തരവാദിത്വത്തിലുള്ള ഒരു നേതാവും ഷെറിലിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പി. ജയരാജന്, പിന്നീട് കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കില്‍ മഹാഅപരാധമായി കാണേണ്ടതില്ലെന്നും അത്തരമൊരു വിലക്ക് പാർട്ടി ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ഞായറാഴ്ച വിശദീകരിച്ചത്.
സന്ദർശനത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയുടെ സമരം കൈകാര്യം ചെയ്തതിലെ കൊപൊള്ളൽ ഒരുവിധം ഉണങ്ങുമ്പോഴാണ് ബോംബു പൊട്ടലിൽ സി.പി.എം വീണ്ടും പ്രതിരോധത്തിലാവുന്നത്. അതേസമയം, മൊകേരി വള്ള്യായിയിലും പാറാടുമടക്കമുണ്ടായ പൊട്ടിത്തെറികൾ ഉയർത്തിക്കാട്ടി സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ചെറുത്തുനിൽപ്പുണ്ട്.
രാഷ്ട്രീയമായി വിഷയം കൈകാര്യം ചെയ്യുന്നതിനൊപ്പം ഇത്തരം സംഭവങ്ങൾ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് സംവിധാനത്തിന്റെ പരാജയം കൂടിയാണെന്ന് എടുത്ത് പറഞ്ഞാണ് കോൺഗ്രസ് പ്രചാരണം. ഏതാനും മാസങ്ങളായി സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വർധിക്കുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന ക്രമസമാധനാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ആഭ്യന്തര വകുപ്പിന്റെ പരാജയമായി കോൺഗ്രസ് വിഷയത്തെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.