പൊമ്പിളൈ ഒരുമൈ നിരാഹാരം അവസാനിപ്പിച്ചു; സമരം തുടരും
text_fieldsമൂന്നാർ: പൊമ്പിളൈ ഒരുമൈ മൂന്നാറിൽ അഞ്ചുദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചതായി സെക്രട്ടറി രാജേശ്വരി. ഞായറാഴ്ച മുതൽ സത്യഗ്രഹം തുടരാനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നാർ ടൗണിൽ അഞ്ചുദിവസമായി പൊമ്പിളൈ ഒരുമൈ സമരം നടത്തി വരുകയായിരുന്നു.
വിവാദപ്രസംഗത്തിൽ എം.എം. മണി ഖേദപ്രകടനം നടത്തിയെങ്കിലും മണി മൂന്നാറിൽ നേരിെട്ടത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ പൊമ്പിളൈ ഒരുമൈ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച നിരാഹാരസമരം നടത്തിയ പ്രവർത്തകരെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇവർ വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
നാടകീയ സംഭവങ്ങൾക്കാണ് ശനിയാഴ്ച മൂന്നാറിലെ സമരപ്പന്തൽ സാക്ഷ്യം വഹിച്ചത്. രാവിലെ പത്തോടെ ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. എം. ജിനു നിരാഹാരം നടത്തുന്നവരെ പരിശോധിക്കുകയും ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിക്കുകയും ചെയ്തതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം ആരംഭിച്ചു. സമരക്കാരോട് ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.
തുടർന്ന് ബലപ്രയോഗത്തിലൂടെ പൊമ്പിളൈ ഒരുമൈ സെക്രട്ടറി രാജേശ്വരിയെ ആദ്യം ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ പന്തലിലെത്തിയ ദേവികുളം മെഡിക്കൽ ഓഫിസർ ഗോമതി, കൗസല്യ എന്നിവരെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസിനു നിർദേശം നൽകി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരുവരും സമരപ്പന്തലിൽ കിടന്നു. ഇതിനിടെ പൊലീസ് ഇരുവരെയും ആംബുലൻസിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു. ഗോമതിയും കൗസല്യയും വാഹനത്തിൽനിന്ന് ചാടാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ചതോടെ ശ്രമം വിഫലമായി.
ഒപ്പം സമരപ്പന്തലിലുണ്ടായിരുന്ന ആം ആദ്മി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സമരത്തിനു പിന്തുണയേകി കണ്ണൻ ദേവൻ കമ്പനിയിലെ ഒറ്റപ്പാറ ഡിവിഷനിൽ താമസിക്കുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തക ശ്രീലത ചന്ദ്രൻ പന്തലിൽ എത്തി നിരാഹാരം ആരംഭിച്ചു. ഇതിനിടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോമതി പൊലീസ് ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തതെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സക്ക് വിധേയയാകാതെ സമരം തുടർന്നത് ആശുപത്രി അധികൃതരെയും വെട്ടിലാക്കി.
സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എഴുതിവെച്ചശേഷം ഇവർ കെ.എസ്.ആർ.ടി.സി ബസിൽ മൂന്നാറിലേക്ക് പുറപ്പെടുകയായിരുന്നു. പൊമ്പിളൈ ഒരുമൈ സമരത്തിനെതിരെ വിവാദ പ്രസംഗം നടത്തിയ എം.എം. മണിക്കെതിരെ 23നാണ് ഗോമതിയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ സമരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.