മുറ്റത്തെ ഷെഡിൽ നിന്നെടുത്ത കാറിടിച്ച് കുട്ടികൾ കിണറ്റിൽ വീണു; അദ്ഭുതം ഈ രക്ഷപ്പെടൽ
text_fieldsകൂരാലി (പൊൻകുന്നം): വീട്ടുമുറ്റത്തെ ഷെഡിൽ നിന്നെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറിെൻറ ഭിത്തിയിടിച്ചു തകർത്തു. കിണർവക്കത്തിരുന്ന രണ്ടുകുട്ടികൾ കിണറ്റിലേക്ക് വീണു.
പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീർ തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുമുറ്റത്തെ ഷെഡിൽനിന്ന് കാർ പുറത്തേക്കിറക്കവേ അബദ്ധത്തിൽ അമിതവേഗത്തിൽ നീങ്ങുകയായിരുന്നു. ഭിത്തി തകർത്ത കാർ കിണറിെൻറ വക്കിൽ തങ്ങി നിന്നു. ഈ സമയം ഷബീറിെൻറ മകൾ ഷിഫാന (14), ഷബീറിെൻറ അനുജൻ സത്താറിെൻറ മകൻ മുഫസിൻ (നാലര) എന്നിവർ ഇരുമ്പുവലയിട്ട കിണറിെൻറ ഭിത്തിയിൽ ഇരിക്കുകയായിരുന്നു.
32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. കാറിെൻറ വലതുവശത്തെ മുൻചക്രം കിണറിെൻറ നടുവിലായി താഴേക്ക് പതിക്കാതെ തട്ടി നിന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മുഹമ്മദ് ഷബീറിെൻറ ജ്യേഷ്ഠൻ ഇ.ജെ. സക്കീർ ഹുസൈൻ മൗലവി കിണറ്റിലേക്ക് ഇറങ്ങി കുട്ടികളെ വെള്ളത്തിൽനിന്ന് ഉയർത്തിനിർത്തി. ഇതിനിടെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഷബീർ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി.
തുടർന്ന് കസേര കെട്ടിയിറക്കി ഷിഫാനയെ കരയിലെത്തിച്ചു. സക്കീർ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂനിറ്റ് വലയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും പരിക്കുകളില്ലാത്തതിനാൽ വിട്ടയച്ചു. രക്ഷാപ്രവർത്തനം നടത്തിയ സക്കീർ ഹുസൈൻ മൗലവി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് പള്ളിയിലെ ഇമാമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.