കലങ്ങി മറിഞ്ഞ് പൊന്നാനിയും നിലമ്പൂരും
text_fieldsമലപ്പുറം: പ്രവചനാതീത പോരാട്ടം നടക്കുന്ന പൊന്നാനിയും നിലമ്പൂരും അവസാന മണിക്കൂറുകളിലും കലങ്ങിത്തെളിഞ്ഞിട്ടില്ല. ശക്തമായ ഇടത് വോട്ടുബാങ്കുള്ള പൊന്നാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാറിയതോടെയാണ് മത്സരം കടുത്തത്. ജില്ല സെക്രേട്ടറിയറ്റംഗം ടി.എം. സിദ്ദീഖിനെ പരിഗണിക്കാതെ മുതിർന്ന നേതാവ് പി. നന്ദകുമാറിനെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ തെരുവിലിറങ്ങിയതിനെത്തുടർന്നുള്ള പ്രശ്നം പരിഹരിച്ചെന്ന് പാർട്ടി പറയുന്നുണ്ടെങ്കിലും ശക്തികേന്ദ്രങ്ങളായ തീരദേശമുൾെപ്പടെയുള്ള പ്രദേശങ്ങളിൽ ഇതെത്രമാത്രം ഏശിയിട്ടുണ്ടെന്ന് വ്യക്തമല്ല.
കോൺഗ്രസ് സ്ഥാനാർഥിയായ എ.എം. രോഹിത് യുവാക്കളുടെ പ്രതിനിധിയായതിനാൽ യുവ വോട്ടർമാരെയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ചിട്ടയായ പ്രചാരണ പരിപാടികളുമായി സി.പി.എം തന്നെയാണ് അൽപം മുന്നിൽ. ബി.ഡി.ജെ.എസ് സ്ഥാനാർഥിയാണ് എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പി വോട്ടിലെ ചോർച്ചയും തീരദേശത്തെ വോട്ടർമാരുടെ നിലപാടുമാകും ജയപരാജയം നിർണയിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായ പി.വി. അൻവർ അട്ടിമറിജയം നേടിയ നിലമ്പൂരിൽ ഇത്തവണ അദ്ദേഹത്തിന് അത്രയെളുപ്പമല്ല കാര്യങ്ങൾ. ഡി.സി.സി മുൻ പ്രസിഡൻറ് വി.വി. പ്രകാശാണ് യു.ഡി.എഫ് സ്ഥാനാർഥി. വിഭാഗീയത മാറ്റിവെച്ച് സജീവമാണ് കോൺഗ്രസ് പ്രവർത്തകർ. ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡൻറ് ചുമതലയിൽ വന്നതോടെ പ്രചാരണത്തിന് ചടുലത വന്നിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിലെ ആൾക്കൂട്ടവും അഞ്ച് വർഷത്തെ വികസനവും തുണക്കുമെന്ന പ്രതീക്ഷയിലാണ് അൻവർ മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.