പൊന്നാനി ഹൗറ മോഡൽ തൂക്കുപാലം; ഭൂമിയേറ്റെടുക്കൽ നീളുന്നു
text_fieldsപൊന്നാനി: തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ സ്പെഷല്‍ പാക്കേജ് ബാധകമാകാത്തതിനാൽ പൊന്നാനിയിലെ ഹൗറ മോഡൽ സസ്പെൻഷൻ ബ്രിഡ്ജിനുള്ള ഭൂമിയേറ്റെടുക്കൽ നടപടി നീളുന്നു. തീരദേശ ഹൈവേ പദ്ധതിക്കായുള്ള സർക്കാറിന്റെ പാക്കേജ് ഈ പദ്ധതിക്കും ബാധകമാകുന്നതിന് പ്രത്യേകം സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണെന്ന ലാൻറ് അക്വിസിഷൻ (എൽ.എ) വിഭാഗത്തിന്റെ ആവശ്യം റവന്യൂ വകുപ്പിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
സസ്പെൻഷൻ ബ്രിഡ്ജ് തുടർ നടപടികൾ മന്ദഗതിയിലായതിനെ തുടർന്ന് പി. നന്ദകുമാർ എം.എൽ.എയുടെ സബ്മിഷന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് റവന്യൂ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന ഉത്തരം ലഭിച്ചത്. പാലത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കി. റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷനെ (ആർ.ബി.ഡി.സി.കെ) പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള സ്പെഷൽ പർപ്പസ് വെഹിക്കിളായി നിയമിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഡി.പി.ആര് അംഗീകരിച്ച് 280.09 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി 11(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സര്‍വേ പൂര്‍ത്തിയാക്കി ജില്ല കലക്ടര്‍ അംഗീകരിക്കുകയും ചെയ്തു. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ സ്പെഷല്‍ പാക്കേജ് ഈ പദ്ധതിക്ക് ബാധകമാകുന്നതിന് പ്രത്യേകം സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണെന്ന എല്‍.എ വിഭാഗത്തിന്റെ ആവശ്യം റവന്യൂ വകുപ്പിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
റവന്യൂ മന്ത്രിയുമായി സംസാരിച്ച് ഈ നടപടികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുമെന്നും ഇപ്പോഴുള്ള സാങ്കേതികകാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക യോഗം വിളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.