പൊന്തൻപ്പുഴ വനഭൂമി: സി.പി.ഐക്കെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് കെ.എം മാണി
text_fieldsതിരുവനന്തപുരം: പൊന്തൻപ്പുഴ വനഭൂമി കേസിൽ വനം വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കേരളാ കോൺഗ്രസ് എം നേതാവ് കെ.എം മാണി. പൊന്തൻപ്പുഴ വനഭൂമി കേസിൽ സർക്കാർ പരാജയപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മാണി സി.പി.ഐയെ വിമർശിച്ചത്. കേസ് തോറ്റു കൊടുക്കുത്തതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമുണ്ടായെന്ന് മാണി ആരോപിച്ചു.
കേസ് നടത്തിപ്പിൽ യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. സുശീല ഭട്ടിന് പകരം വന്ന സർക്കാർ അഭിഭാഷകൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊന്തൻപ്പുഴ വനഭൂമി കുറ്റിക്കാടാണെന്ന് രേഖപ്പെടുത്തി. ഇതും കേസ് പരാജയപ്പെടാൻ ഇടയാക്കി. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാതെ പോയത് സർക്കാറിന് പറ്റിയ വീഴ്ചയാണെന്നും മാണി ചൂണ്ടിക്കാട്ടി.
പൊന്തൻപ്പുഴ വനഭൂമി കേസ് നടത്തിപ്പിൽ സർക്കാറിന് വീഴ്ച വന്നിട്ടില്ലെന്ന് വനം മന്ത്രി കെ. രാജു സഭയെ അറിയിച്ചു. സ്വകാര്യ വ്യക്തിക്ക് ഭൂമി കൊടുക്കാൻ കോടതി വിധിയിൽ പറയുന്നില്ല. ഒരിഞ്ച് ഭൂമി പോലും സ്വകാര്യ വ്യക്തിക്ക് വിട്ടുനൽകില്ലെന്നും കെ. രാജു വ്യക്തമാക്കി.
സി.പി.ഐ കൈകാര്യം ചെയ്യുന്ന വനം വകുപ്പിനെതിരെ മാണി ഉന്നയിച്ച ആരോപണങ്ങളെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം പിന്തുണച്ചു. കേസ് നടത്തിപ്പിൽ വനം വകുപ്പിന് അനാസ്ഥയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ, ഘടകക്ഷിയായ സി.പി.ഐയെ നിയമസഭയിൽ സംരക്ഷിക്കാൻ സി.പി.എം തയാറായില്ല. കേസ് നടത്തിപ്പിൽ കൂടുതൽ ആർജവം കാണിക്കേണ്ട സമയമായെന്നാണ് വനംഭൂമി ഉൾപ്പെടുന്ന സ്ഥലം എം.എൽ.എയായ രാജു എബ്രഹാം സഭയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.