പൂച്ചാക്കലിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
text_fieldsപൂച്ചാക്കൽ (ആലപ്പുഴ): ദലിത് പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡില്‍ ക്രൂരമായി മർദിച്ച കേസിൽ അയൽവാസികളായ രണ്ടുപേർ അറസ്റ്റിൽ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15ാം വാർഡ് കൈതവളപ്പ് വീട്ടിൽ ഷൈജു (43), സഹോദരൻ സൗത്ത് പറവൂർ കൈതവളപ്പിൽ ഷൈലേഷ് (40) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15ാം വാർഡ് അടുവയിൽ അഞ്ചുപുരക്കൽ നിലാവിനെയാണ് (19) ഞായറാഴ്ച വൈകീട്ട് മർദിച്ചത്. ഷൈജുവിന്‍റെ മകനും നിലാവിന്‍റെ സഹോദരന്മാരും കളിക്കുന്നതിനിടെയുണ്ടായ കശപിശയാണ് മർദനത്തിൽ കലാശിച്ചത്. ബഹളത്തിനിടയിൽ പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ചുവെന്നാണ് ഷൈജുവിന്‍റെ ആരോപണം. മർദനമേറ്റ് ചികിത്സയിലിരുന്ന സഹോദരന്മാർ ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയപ്പോൾ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ നിലാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ കേസിൽ ആറ് പ്രതികളുണ്ട്. ഇവരിൽ രണ്ടുപേരാണ് അറസ്റ്റിലായത്.
അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. കണ്ടൽക്കാടുകളാൽ നിറഞ്ഞ പ്രദേശത്തെ കാട്ടിനുള്ളിലായിരുന്നു താമസം. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ച് പിടികൂടുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന നിലാവിനെ തെളിവെടുപ്പിന് സ്ഥലത്ത് എത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടി പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയാറായില്ല. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പട്ടികജാതി-വർഗ പീഡനനിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. ഷൈജുവിന്‍റെ പരാതിയിലും ആറുപേർക്കെതിരെ കേസെടുത്തു.
പ്രതികൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് പെൺകുട്ടി
പൂച്ചാക്കൽ: കേസിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്ന് മർദനത്തിനിരയായ ദലിത് പെൺകുട്ടി നിലാവ്. ഷൈജുവിനെതിരെ പൊലീസിൽ പരാതി കൊടുത്തതിന്‍റെ വൈരാഗ്യത്തിനാണ് തന്നെ മർദിച്ചത്. ഷൈജുവിന്‍റെ സഹോദരനും വള്ളിയെന്ന ബന്ധുവും ചേർന്ന് ചവിട്ടിക്കൂട്ടുകയായിരുന്നു.
മർദനമേറ്റ അന്നുതന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായി. പിറ്റേദിവസം മുതലാണ് ശരീരത്തിൽ ശക്തമായ വേദന അനുഭവപ്പെട്ടത്. ഇപ്പോഴും വേദനക്ക് കുറവൊന്നുമില്ല. ഇതിനെക്കാൾ പ്രതികൾ പറഞ്ഞുപരത്തുന്ന കള്ളക്കഥകളാണ് തളർത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.