പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്
text_fieldsതിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 99 തടവുകാരിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒരു വിചാരണ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്, ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എവിടെ നിന്നാണ് ഇവർക്ക് രോഗബാധ ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ജയിലിൽ 1200 ലധികം തടവുകാരാണുള്ളത്. ഇവരെയെല്ലാം ഉടൻ പരിശോധനക്ക് വിധേയമാക്കും. ജയിലിലെ ഒാഡിറ്റോറിയം നിരീക്ഷണകേന്ദ്രമാക്കി. പൂജപ്പുരയിൽ വലിയതോതിൽ കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാർക്ക് ആൻറിജൻ പരിശോധന നടത്താൻ തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ്സിങ് അറിയിച്ചു.
അതിനിടെ തിരുവനന്തപുരത്തെ തടവുകാരെ താമസിപ്പിച്ച നിരീക്ഷണകേന്ദ്രം വർക്കലയിലെ സ്വകാര്യ മെഡിക്കൽകോളജിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ വകുപ്പ് ജില്ല കലക്ടർക്ക് കത്ത് നൽകി. തടവുകാർ ചാടിപ്പോയ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ പൂജപ്പുര സെൻട്രൽ ജയിലിലെ ഓഫിസര്‍മാരെ സ്ഥലംമാറ്റിയിരുന്നു. ഇവർക്കു പകരം വന്ന ജീവനക്കാരിൽ ചിലർക്ക് രോഗ ലക്ഷണമുണ്ടായിരുന്നത്രെ. ഇവരില്‍ നിന്നാകാം തടവുകാരിലേക്ക് പകർന്നതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.