പൂക്കോട് വെറ്ററിനറി സർവകലാശാല വി.സി ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു
text_fieldsതിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു. ഇദ്ദേഹം ഗവർണർക്ക് രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.
വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ ദുരൂഹ മരണത്തെ തുടർന്ന് മാർച്ച് രണ്ടിന് മുൻ വി.സിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂനിവേഴ്സിറ്റിയിലെ മുൻ അധ്യാപകനായ ഡോ. പി.സി. ശശീന്ദ്രന് വി.സിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്.
എന്നാല്‍, സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്ന് സസ്‌പെന്റ് ചെയ്ത 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി. വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ റിപ്പോര്‍ട്ടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കുറ്റക്കാരല്ലെന്ന് കാണിച്ച് അപ്പീല്‍ നല്‍കിയ 33 വിദ്യാര്‍ഥികളുടെ ശിക്ഷ മാത്രമാണ് റദ്ദാക്കിയതെന്ന് വി.സി അറിയിച്ചു.
ഗവർണറെ സന്ദർശിച്ച് സിദ്ധാർഥന്‍റെ പിതാവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ്. മകന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർഥികളെ കുറ്റ മുക്തരാക്കിയ വൈസ് ചാൻസലറുടെ നടപടിയിൽ ആശങ്കയറിയിച്ച ജയപ്രകാശ് മകന് നീതി ഉറപ്പാക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു. സസ്പെൻഷനിലായ വിദ്യാർഥികളെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യാൻ വി.സിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ഗവർണർ അറിയിച്ചു.
സി.ബി.ഐ അന്വേഷണം നീളുന്നതിലെ ആശങ്കയും ജയപ്രകാശ് പങ്കുവെച്ചു. സി.ബി.ഐ അന്വേഷണത്തിനായി സർക്കാർ വിജ്ഞാപനം ഇറക്കിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ, പ്രതിഷേധങ്ങളെ ശമിപ്പിക്കാൻവേണ്ടിയുള്ള നാടകം മാത്രമാണ് സംസ്ഥാന സർക്കാർ അന്ന് നടത്തിയതെന്നും മാർച്ച് ഒമ്പതിന് അന്വേഷണം സി.ബി.ഐക്ക് വിട്ട വിജ്ഞാപനം പുറത്തിറക്കിയിട്ടും അതു കേന്ദ്രത്തിന് കൈമാറിയത് 16ന് ആണെന്നും ജയപ്രകാശ് പറഞ്ഞു. സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചുകൊണ്ട് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും ജയപ്രകാശ് പറഞ്ഞു. തുടർന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ജയപ്രകാശ് കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.