വിഗ്രഹം തകർത്ത സംഭവം: പ്രതി റിമാൻഡിൽ
text_fieldsമലപ്പുറം: വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാടകീയ രംഗങ്ങൾ. തിരുവനന്തപുരം കിളിമാനൂർ പുല്ലയി തെങ്ങുവിള എസ്.എസ്. മോഹനകുമാറിനെ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ക്ഷേത്ര പരിസരത്ത് എത്തിച്ചത്. തടിച്ചുകൂടിയ നാട്ടുകാരിൽ നിന്ന് രണ്ടു പേർ ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു.
ഇതോടെ തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലീസ് തിരിച്ചുകൊണ്ടുപോയി. കൃത്യം നടത്താൻ ഉപയോഗിച്ച സാമഗ്രികൾ കൊണ്ടുവന്ന ബാഗ് പരിസരത്തു നിന്ന് പൊലീസ് കണ്ടെടുത്തു. വാര്‍ക്കപ്പണിക്ക് ആവശ്യമായ ചട്ടകം, തേപ്പു പലക, രണ്ട് ചുറ്റിക എന്നിവയാണ് ബാഗിനകത്ത് ഉണ്ടായിരുന്നത്. ആരെങ്കിലും കണ്ടാല്‍ പണിക്കു വന്നതാണെന്ന് കരുതാനാണ് ഇവ കൊണ്ടുവന്നതെന്നും ചുറ്റിക വിഗ്രഹം തകര്‍ക്കാന്‍ ഉപയോഗിച്ചതായും പ്രതി പറഞ്ഞു. ഭഗവതിയുടെ വിഗ്രഹത്തില്‍ നിന്ന് കിട്ടിയ വെള്ളിമാലയിലെ സ്വർണലോക്കറ്റ് എടുക്കുകയും മാല വലിച്ചെറിയുകയും ചെയ്തു. മാലക്ക് പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. ക്ഷേത്രത്തിനു പടിഞ്ഞാറേ ഭാഗത്തിലൂടെ ചുറ്റുമതിലിനകത്തേക്ക് കൊണ്ടുവന്നപ്പോഴാണ് കൈയേറ്റ ശ്രമമുണ്ടായത്.
ക്ഷേത്രത്തില്‍ പുണ്യാഹശുദ്ധി നടത്തിയതിനാല്‍ അകത്തു പ്രവേശിക്കാന്‍ തന്ത്രിയുടെ അനുവാദം വേണമെന്നും വേണ്ടി വന്നാല്‍ പൂജ കഴിഞ്ഞാല്‍ അതിനു സൗകര്യം ഒരുക്കാമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരുന്നു. ഇക്കാരണത്താൽ ക്ഷേത്രത്തിെൻറ പുറം ഭാഗത്തു കൂടെയാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം നിലമ്പൂർ കോടതിയിൽ എത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.