പൂക്കോട് മോഡൽ വിചാരണയും മർദനവും കൊയിലാണ്ടിയിലും
text_fieldsപയ്യോളി: പൂക്കോട് മോഡൽ വിചാരണക്കും മർദനത്തിനും സമാനമായി കൊയിലാണ്ടിയിലെ കോളജിലും വിദ്യാർഥിക്കുനേരെ വിചാരണയും മർദനവും. കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് ബി.എസ്സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർഥിയും പയ്യോളി ബ്ലോക്ക് ഓഫിസിന് സമീപം വില്ലേജ് ഓഫിസറായ എ.വി. ചന്ദ്രന്റെ മകനുമായ കണ്ണംവള്ളിയിൽ സി.ആർ. അമലിനാണ് ആക്രമികളുടെ ക്രൂരമർദനമേറ്റത്.
സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ കോളജ് യൂനിയൻ ചെയർമാൻ ആർ. അഭയ് കൃഷ്ണ, അനുനാഥ് എന്നിവരുൾപ്പെട്ട 20ഓളം പേർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്കുശേഷം ക്ലാസിലിരുന്ന അമലിനെ കോളജ് യൂനിയൻ ചെയർമാൻ ആർ. അഭയ് കൃഷ്ണയുടെ നേതൃത്വത്തിൽ ക്ലാസിന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് കോളജിന് സമീപത്തെ അടച്ചിട്ട വീട്ടുമുറ്റത്ത് എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ട സംഘം അമലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തെതുടർന്ന് അമലിന്റെ മൂക്കിന് ചതവും വലതു കണ്ണിനു സമീപം നീർക്കെട്ടുണ്ടായി വീർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തലക്കും മൂക്കിനും മുഖത്തും ക്രൂരമർദനമേൽക്കുകയും ചെയ്തതിനെതുടർന്ന് രക്തം വാർന്നനിലയിൽ തലകറങ്ങി നിലത്തുവീഴുകയായിരുന്നു.
മർദനത്തിനിടയിലും തലതാഴ്ത്തിവെച്ച തന്നോട് നേരെനിൽക്കാനാണ് ആക്രമികൾ ആവശ്യപ്പെട്ടതെന്ന് അമൽ പറഞ്ഞു. തുടർന്ന് കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടവെ മർദകസംഘം ആശുപത്രിയിലെത്തി ബൈക്കിൽനിന്ന് വീണതാണെന്ന് ആശുപത്രി രേഖകളിൽ എഴുതിച്ചേർക്കാൻ ഇടപെടുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും അവിടെയും ചികിത്സ രേഖകളിൽ മാറ്റംവരുത്താൻ എസ്.എഫ്.ഐ ഇടപെട്ടതായി അമൽ പറയുന്നു. തിരികെ രാത്രിയോടെ വീട്ടിലെത്തിയപ്പോൾ കലശലായ വേദനയെതുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയായിരുന്നു.
റാഗിങ്ങുമായി ബന്ധപ്പെട്ട് കോളജിൽ രണ്ടാഴ്ച മുമ്പ് സംഘർഷം നടന്നതിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന്റെ സൂത്രധാരൻ അമലാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ മർദനം. എന്നാൽ, യൂനിറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ തന്റെ പേരില്ലെന്നും സംഭവം നടന്ന സ്ഥലത്തെ കാമറ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും അമൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.