പൂക്കോട് വെറ്ററിനറി കോളജ്: സസ്പെൻഷനിലായ വിദ്യാർഥികളെ തിരിച്ചെടുത്തതിൽ ഉത്തരവാദിത്തമില്ലെന്ന് ആന്റി റാഗിങ് സ്‌ക്വാഡ്
text_fieldsവൈത്തിരി: കോടതി വിധി മാനിക്കാതെ, സസ്പെൻഷനിലായ വിദ്യാർഥികളെ തിരിച്ചെടുത്തതിൽ യൂനിവേഴ്സിറ്റി അധികൃതർക്കും ഡീനിനുമാണ് ഉത്തരവാദിത്തമെന്ന് ആന്റി റാഗിങ് സ്‌ക്വാഡ്. പൂക്കോട് വെറ്ററിനറി കോളജിൽ വ്യാഴാഴ്ച നടന്ന ആന്റി റാഗിങ് സ്‌ക്വാഡ് യോഗത്തിലാണ് ചെയർമാൻ ഇക്കാര്യമറിയിച്ചത്.
ആന്റി റാഗിങ് സ്‌ക്വാഡ് യോഗത്തിൽ, മരണപ്പെട്ട സിദ്ധാർഥന്റെ പിതാവും ബന്ധുവും ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചിരുന്നു. യോഗത്തിൽ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട മൊഴികളും സ്റ്റേറ്റ്മെന്റും ചർച്ചചെയ്യുകയും ഇവയുടെ പകർപ്പ് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശിനു നൽകുകയും ചെയ്തു. ഇതിൽ ഒപ്പിട്ടുകൊടുക്കാൻ യോഗം ആവശ്യപ്പെട്ടെങ്കിലും മുഴുവൻ പഠിച്ചശേഷമേ ഒപ്പിട്ടു നൽകൂ എന്ന തീരുമാനത്തിൽ അദ്ദേഹവും ബന്ധുവും ഉറച്ചുനിന്നു. മൊഴികളുടെ പകർപ്പ് പിതാവ് സ്വീകരിച്ചു, വായിച്ചു പഠിച്ച ശേഷം ഒപ്പിട്ടു നൽകാമെന്ന് എഴുതിക്കൊടുക്കുകയുമായിരുന്നു.
ചെയർമാൻ ഡോ. അജിത് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന സ്‌ക്വാഡ് യോഗത്തിൽ പത്തോളം പേർ പങ്കെടുത്തു. അച്ഛൻ ജയപ്രകാശിനെയും അമ്മ ഷീബയെയും ഹൈകോടതി വിധി പ്രകാരമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. അമ്മക്ക് കൂടുതൽ ദൂരം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ബന്ധു എസ്. പ്രസാദാണ് യോഗത്തിൽ സംബന്ധിച്ചത്. ഷീബ നൽകിയ അധികാരപത്രം പ്രസാദ് സമർപ്പിച്ചു. ആന്റി റാഗിങ് സമിതി മീറ്റിങ്ങെന്ന നിലയിലാണ് തങ്ങളെ വിളിച്ചതെന്നും ഇത് സ്‌ക്വാഡ് മീറ്റിങ് മാത്രമായിരുന്നെന്നും ജയപ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സസ്പെൻഷനിലുള്ള ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കണമെന്നാവശ്യപ്പട്ട് സി.പി.എം അനുകൂല അധ്യാപക സംഘടന വ്യാഴാഴ്ച കാമ്പസിൽ കരിദിനമാചരിച്ചിരുന്നു. ഇതിനാൽ അധ്യാപകരോ പ്രതിനിധികളോ സ്‌ക്വാഡ് യോഗത്തിൽ പങ്കെടുത്തില്ല. വകുപ്പ് മേധാവികൾ മാത്രമാണ് സംബന്ധിച്ചത്. ഇതിൽ തങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് ജയപ്രകാശും ബന്ധുവും പറഞ്ഞു. കരിദിനത്തിന്റെ വിവരം നേരത്തേ അറിഞ്ഞിരുന്നുവെങ്കിൽ യോഗത്തിൽ സംബന്ധിക്കില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.