പൂഞ്ഞാർ സംഭവം: മുഖ്യമന്ത്രിയുടേത് കാസയുടെ അതേ വാദം, തെരഞ്ഞെടുപ്പ് നേട്ടത്തിന് വർഗീയവത്കരിക്കുന്നു -വെൽഫെയർ പാർട്ടി
text_fieldsകോട്ടയം: പൂഞ്ഞാർ സംഭവത്തിന് പിറകിൽ മുസ്‌ലിം വിദ്യാർഥികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് നേട്ടം മുന്നിൽ കണ്ടുള്ള വർഗീയ വിഭജന ശ്രമത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യു. വിവിധ മത വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തിയ ഒരു സംഭവത്തിൽ മുസ്‌ലിം വിദ്യാർത്ഥികളെ മാത്രം പഴിചാരി വിഷയത്തെ വർഗീയവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് സംഭവത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ഈരാറ്റുപേട്ടയിൽ നടന്ന സർവകക്ഷി യോഗത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവ് തന്നെ തള്ളിപ്പറഞ്ഞതാണ്. വിവിധ സമൂഹങ്ങളിൽപെട്ടവർ ഉൾപ്പെട്ട ദൗർഭാഗ്യകരമായ ഒരു സംഭവത്തിൽ ഒരു സമുദായത്തെ മാത്രം ഉന്നം വെക്കുന്നതിലൂടെ കാസ പോലുള്ള സംഘ്പരിവാർ അനുകൂല തീവ്ര സംഘടനകളുടെ അതേ വാദം തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ചിരിക്കുന്നത്.
നിക്ഷിപ്ത താല്പര്യക്കാരുടെ വ്യാജവാദങ്ങളും അസത്യങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നതിനും അപകടകരമായ രീതിയിൽ ആവർത്തിക്കുന്നതിനും പകരം പക്വവും സത്യസന്ധവുമായ രീതിയിൽ വിഷയത്തെ സമീപിക്കാനായിരുന്നു മുഖ്യമന്ത്രി തയ്യാറാവേണ്ടിയിരുന്നത്.
കുറച്ചു വിദ്യാർത്ഥികളുടെ അപക്വമായ പ്രവർത്തനത്തെ അങ്ങനെ കാണുന്നതിനു പകരം വിദ്യാർഥികളുടെ മതവും സമുദായവും തിരിച്ചു വർഗീയ ധ്രുവീകരണത്തിന് ഉള്ള അവസരമാക്കി മാറ്റിയവരെയാണ് മുഖ്യമന്ത്രി വിമർശിക്കേണ്ടിയിരുന്നത്. അതിനുപകരം നില മറന്ന പ്രതികരണം നടത്തിയ മുഖ്യമന്ത്രി എരിഞ്ഞടങ്ങിയ തീ വീണ്ടും ഊതിപ്പടർത്തുകയാണ് ചെയ്തത്. പദവിക്ക് നിരക്കുന്ന പ്രവൃത്തിയല്ല മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉണ്ടായത്.
സംഘ്പരിവാർ മാതൃകയിൽ വർഗീയ ചേരിതിരിവിലൂടെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യുന്ന തീക്കളി ഉപേക്ഷിക്കാൻ സി.പി.എം നേതാക്കൾ തയ്യാറാകാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ആയിരിക്കും സമൂഹത്തിൽ സൃഷ്ടിക്കുക. അത്തരം ശ്രമങ്ങൾ ആത്യന്തികമായി സംഘ്പരിവാർ ശക്തികൾക്കായിരിക്കും നേട്ടങ്ങൾ സമ്മാനിക്കുക എന്ന യാഥാർഥ്യം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിക്കാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. പ്രസ്താവന പിൻവലിച്ച് തെറ്റ് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.