പൂഞ്ഞാർ സംഭവം: സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാൻ ഒറ്റക്കെട്ടായി നീങ്ങാൻ സമാധാനയോഗ തീരുമാനം
text_fieldsകോട്ടയം: പൂഞ്ഞാർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമാധാന യോഗം ചേർന്നു. നാടിന്‍റെ മതസൗഹാർദവും സമാധാനാന്തരീക്ഷവും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും ഒറ്റക്കെട്ടായി നീങ്ങാൻ യോഗം തീരുമാനിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മന്ത്രിയുടെ നിർദേശപ്രകാരം കലക്ടർ കലക്‌ടറേറ്റിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മത-സാമുദായിക പ്രതിനിധികളുടെയും സമാധാനയോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുകൂട്ടരും ഉള്ളുതുറന്ന് ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്‍റ് വികാരിക്ക് പരിക്കേൽക്കാനിടയായ അനിഷ്ടസംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാനാന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും.
18 വയസ്സിന് താഴെയുള്ളവരടക്കം വിദ്യാർഥികളാണ് കേസിൽ പ്രതിയായിട്ടുള്ളത്. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്‍റെ ഭാഗമായി തുടർനടപടി സ്വീകരിക്കും. വിദ്യാർഥികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ സംബന്ധിച്ച വസ്തുതകൾ ജില്ല പൊലീസ് മേധാവി പരിശോധിക്കും. വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ കൗൺസലിങ് നൽകും. ഞങ്ങളും നിങ്ങളും എന്നതുമാറി നമ്മൾ എന്ന നിലയിൽ പ്രവർത്തിക്കാനാണ് യോഗ തീരുമാനം. എല്ലാവരും പരസ്പരം ആശ്ലേഷിച്ചാണ് യോഗം അവസാനിച്ചത്. നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ദുരുദ്ദേശ്യത്തോടെ ആരെങ്കിലും വന്നാൽ ഒറ്റപ്പെടുത്തുമെന്നും സമാധാന അന്തരീക്ഷം പുലരാൻ എല്ലാ പിന്തുണയും മത-സാമുദായിക പ്രതിനിധികൾ യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ആന്‍റോ ആന്‍റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് മാത്യു, കലക്ടർ വി.വിഘ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ.കാർത്തിക്, പാലാ ആർ.ഡി.ഒ കെ.പി. ദീപ, പാലാ രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, സെന്‍റ് മേരീസ് പള്ളി അഡ്മിനിസ്‌ട്രേറ്റർ ഫാ. തോമസ് പനയ്ക്കക്കുഴി, ശാഹുൽ ഹമീദ്, മുഹമ്മദ് ഇസ്മായിൽ, പൊലീസ് ഉദ്യോഗസ്ഥർ, അറസ്റ്റിലായ വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.