മുഖ്യമന്ത്രി സംഘ്പരിവാറിന് ചൂട്ടുപിടിക്കുന്നു; രൂക്ഷ വിമർശനമുയർത്തി സമസ്ത പത്രം
text_fieldsകോഴിക്കോട്: പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘ്പരിവാറിന് ചൂട്ടുപിടിക്കുകയാണെന്ന രൂക്ഷ വിമർശനമുയർത്തി സമസ്ത പത്രമായ സുപ്രഭാതം. സമസ്തയിലെ ഒരുവിഭാഗം ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്നു എന്ന ശക്തമായ ആക്ഷേപം നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചുള്ള പത്രത്തിന്‍റെ രംഗപ്രവേശനം.
പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് ഒരുകൂട്ടം വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തെ തെമ്മാടിത്തമെന്നും മുസ്ലിം വിഭാഗമാണ് ഇതിൽ ഉൾപ്പെട്ടതെന്നും തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പരിപാടിയിൽ വിഷയം ഉന്നയിച്ച കെ.എൻ.എം വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂരിനെ അടിച്ചിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശങ്ങൾ. ഇതിനെതിരെയാണ് സമസ്ത പത്രം ആഞ്ഞടിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
പൂഞ്ഞാർ സംഭവത്തെ മുസ്ലിം വിഭാഗം കാട്ടിയ തെമ്മാടിത്തമെന്ന് ആക്ഷേപം ചൊരിഞ്ഞ മുഖ്യമന്ത്രി കേരളത്തെ അമ്പരിപ്പിച്ചിരിക്കയാണെന്ന് പറഞ്ഞ പത്രം വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയെന്നും അധിക്ഷേപിക്കുന്നു.
‘നാട്ടിൽ വാഹനാപകടമുണ്ടായാലും അതിർത്തി തർക്കമുണ്ടായാലും വ്യക്തികൾ തമ്മിൽ പ്രശ്നമുണ്ടായാലും അതിലൊക്കെ മതം നോക്കി ഇടപെടുന്ന വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി തരംതാഴാൻ പാടില്ലായിരുന്നു. ഇസ്ലാമോഫോബിയ എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന യാദൃഛികമാണെന്ന് കരുതാനാകില്ല. സംഭവസ്ഥലത്തെ ദൃക്സാക്ഷികൾ, നാട്ടിലെ വിവിധ സമുദായ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരേ സ്വരത്തിൽ വ്യാജമെന്ന് സാക്ഷ്യപ്പെടുത്തിയ സംഭവം മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള വടിയായി മുഖ്യമന്ത്രി ഉപയോഗിച്ചത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരുടെ പോസ്റ്റുകൾ വിശ്വാസത്തിലെടുത്തതുപോലുള്ള പരാമർശമാണ് പിണറായി വിജയൻ നടത്തിയത്.
സംഭവം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിന് പകരം ആരെയൊക്കെയോ പ്രീതിപ്പെടുത്താനുള്ള പരിശ്രമമാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കു പിന്നിൽ. മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുന്നത് മാന്യതയായിരുന്നെങ്കിലും അതുണ്ടായില്ല. മുസ്ലിം-ക്രിസ്ത്യൻ സംഘർഷത്തിലൂടെ തങ്ങളുടെ വിശാല ലക്ഷ്യത്തിലേക്കുള്ള വഴിവെട്ടുകയാണ് സംഘ്പരിവാർ എന്ന കാര്യം അറിയാവുന്ന മുഖ്യമന്ത്രി തന്നെ അതിന് ചൂട്ടുപിടിക്കുന്ന സമീപനം സ്വീകരിക്കരുത്’ -പത്രം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.