Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂഞ്ഞാറിൽ പാറമടകൾ...

പൂഞ്ഞാറിൽ പാറമടകൾ നടത്തി കുടവയർ വീർപ്പിച്ചതാരാണെന്ന്​ എല്ലാവർക്കും അറിയാം; പി.സി. ജോർജിനെതിരേ എം.എൽ.എ

text_fields
bookmark_border
poonjar mla Sebastian Kulathunkal againest pc george
cancel

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തങ്ങൾക്ക്​ ഉത്തരവാദി ആരാണെന്ന്​ എല്ലാവർക്കും അറിയാമെന്ന്​ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തം ആരാണ് ഉത്തരവാദി? എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ്​ മുൻ എം.എൽ.എ പി.സി.ജോർജി​െൻറ പേരെടുത്തുപറയാതെ വിമർശനം ഉന്നയിച്ചിരിക്കുന്നത്​.

Also Read:അ​നു​പ​മയുടെ കുഞ്ഞിനെ കൈമാറിയത്​ ആന്ധ്ര സ്വദേശികൾക്ക്​; പേര്​ ആദ്യം മലാല, പിന്നെ പെലെ, അവസാനം സിദ്ധാർഥ്

'പൂഞ്ഞാറിലെ മുൻ എംഎൽഎ യുടെ ഒരു പ്രസ്​താവന പത്രങ്ങളിൽ വായിക്കാനിടയായി. പൂഞ്ഞാറിലെ ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണം സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആണ് എന്നായിരുന്നു ആ പ്രസ്​താവനയുടെ ഉള്ളടക്കം. ആ പ്രസ്​താവനയിലൂടെ കണ്ണോടിച്ചപ്പോൾ രണ്ട് മുഖങ്ങൾ മനസ്സിലേക്കോടിയെത്തി. 'ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനും, എട്ടുകാലി മമ്മൂഞ്ഞും'. കയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോൾ മറ്റാരെയെങ്കിലും ചൂണ്ടി കള്ളൻ, കള്ളൻ എന്ന് വിളിച്ചു കൂവുന്ന പോക്കറ്റടിക്കാരനും എന്തിനും ഏതിനും അവകാശവാദം ഉന്നയിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞും.

കോട്ടങ്ങൾ മറ്റുള്ളവരിൽ ആരോപിക്കുകയും നേട്ടങ്ങൾ തന്റേതു മാത്രമാക്കി മാറ്റുകയും ചെയ്യുന്ന കഥാപാത്രമായി സ്വയം ചിത്രീകരിക്കുകയാണല്ലോ ഈ പ്രസ്​താവനയിലൂടെ ചെയ്​തിരിക്കുന്നത് എന്ന കൗതുകമാണുണ്ടായത്. കോട്ടയം ജില്ലയിൽ ഏറ്റവുമധികം പാറമടകൾ ഉള്ളത് പൂഞ്ഞാറിലല്ലേ ? ആരാണ് കാലങ്ങളായി ഇവിടെ ജനപ്രതിനിധി ആയിരുന്നത്? ഈ രണ്ടു ചോദ്യങ്ങൾ പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ആരോടാണ് ചോദിക്കേണ്ടത്? മൂന്നിലവിൽ സ്വന്തമായി പാറമട നടത്തിക്കൊണ്ടിരുന്നത് ആരാണ് എന്ന് എല്ലാവർക്കുമറിയാം'-എം.എൽ.എ ഫേസ്​ബുക്കിൽ കുറിച്ചു.


'പലയിടത്തും ബിനാമി പേരുകളിൽ പാറ ഖനനം നടത്തുന്നതും, വർഷങ്ങളായി പരിസ്ഥിതി ദോഷകരമായ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്​തുകൊടുത്തു കൊണ്ടിരിക്കുന്നതും ആരാണെന്ന് പൂഞ്ഞാറിലെ ജനങ്ങൾക്ക് പകൽപോലെ അറിയാം. മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടും മറ്റും ചർച്ച ചെയ്​തിരുന്ന ഘട്ടത്തിൽ പരിസ്ഥിതിവാദികളെ ആകെ കൊഴിവെട്ടി അടിക്കണം എന്ന് പറഞ്ഞ് അസഭ്യം വിളിച്ചവരും ആരാണെന്ന് പൂഞ്ഞാർ ജനതയും, കൂട്ടിക്കൽക്കാരും ഒന്നും മറന്നിട്ടില്ല. മലമടക്കുകളിൽ ചുളുവിലയ്ക്ക് പാറക്കെട്ടുകൾ വാങ്ങി കൂട്ടിയിട്ട്, അധികാരവും സ്വാധീനവും ഉപയോഗിച്ച് ക്വാറികൾക്ക് ലൈസൻസ് ഉണ്ടാക്കിയിട്ട്, വലിയ വിലയ്ക്കു മറിച്ചു വിറ്റ് കോടികൾ ലാഭമുണ്ടാക്കുന്നത് പിതാവിന്റെ രക്ഷാകർതൃത്വത്തിൽ മകനാണ് എന്ന സത്യം അങ്ങാടിപ്പാട്ട് അല്ലേ?

മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ പാപഭാരത്തിൽ നിന്ന് കൈകഴുകി മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ അല്ലയോ പ്രസ്​താവനക്കാരാ നിങ്ങളെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല. ദുരന്തമുഖത്തും ജനങ്ങളെ ആശ്വസിപ്പിക്കാൻ ഓടിയെത്തുകയോ, സഹായങ്ങൾ എത്തിക്കുകയോ ചെയ്യുന്നതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുമ്പോൾ അതിന് ചവറ്റുകുട്ടയിൽ ആണ് പൂഞ്ഞാർ ജനത സ്ഥാനം നൽകുന്നത് എന്നോർമിച്ചാൽ നന്ന്'-കുറിപ്പ്​ തുടരുന്നു.

'പൂഞ്ഞാറിൽ മുമ്പ്​ നടന്ന പല വികസനങ്ങളും പാറമട ലോബികൾക്ക് വഴിവെട്ടി കൊടുക്കാനും, റിയൽഎസ്റ്റേറ്റ് മാഫിയായെ സഹായിക്കാനും ഒക്കെ ആയിരുന്നില്ലേ? പൂഞ്ഞാറിൽ ഏതെങ്കിലും വികസനത്തിൽ പരിസ്ഥിതി സംരക്ഷണം ഒരു ഘടകമായിരുന്നിട്ടുണ്ടോ? മുണ്ടക്കയം ബൈപാസ് നിർമ്മിച്ച അവസരത്തിൽ വേണ്ടപ്പെട്ട ചില ആളുകളുടെ സ്ഥലം സംരക്ഷിക്കാൻ വേണ്ടി മണിമലയാറ് കൈയേറി ബൈപാസ് നിർമ്മിച്ച് ആറിന്റെ വീതി പകുതിയായി കുറച്ചില്ലേ.. നിഷേധിക്കാമോ? അതാണ് ഈ പ്രളയത്തിൽ മുണ്ടക്കയം പുത്തൻചന്ത അടക്കം പ്രളയ ജലത്തിൽ മുങ്ങാനും, ടൗൺ ഭാഗത്ത് മുളങ്കയത്തെയും കല്ലേപാലം ഭാഗത്തെയും ആറ്റുപുറം പോക്കിൽ താമസിച്ചിരുന്ന 25 ഓളം വീടുകൾ പൂർണമായും ഒലിച്ചു പോകാനും, ആ പാവങ്ങളുടെയാകെ ജീവിത സാമ്പാദ്യങ്ങളും, സ്വപ്നങ്ങളും അറബിക്കടലിലാക്കാനും ഇടയായത് എന്നതല്ലേ സത്യം? ഒരു നാടിനെയാകെ മുടിച്ചിട്ട് വേദാന്തം പറഞ്ഞാൽ അത് എന്നും ചിലവാകില്ല എന്നോർത്താൽ നന്ന്. കുറേപ്പേരെ കുറേക്കാലത്തേക്ക് കബളിപ്പിക്കാനായേക്കും, പക്ഷേ എല്ലാ കാലത്തേയ്‌ക്കും എല്ലാവരെയും കബളിപ്പിക്കാനാവില്ല എന്നത് കാലം കരുതി വയ്ക്കുന്ന സാമാന്യ നീതിയാണ്.

കേരളം മനസ്സിൽ പ്രതിഷ്​ടിക്കുന്ന ജനകീയനായ മുഖ്യമന്ത്രിയെ വിമർശിക്കാൻ പ്രസ്​താവന കൊടുക്കുമ്പോഴും അന്യരെ പഴിക്കുമ്പോഴും ഒരുകാര്യം ചെയ്യണം..കാലം പൊയ്​മുഖം വലിച്ചു കീറുമ്പോൾ കണ്ണാടിയിലെങ്കിലും ഒന്നു നോക്കുക... അവിടെ തെളിയുന്ന സ്വന്തം മുഖരൂപത്തിന് യൂദാസിന്റെയോ ചെന്നായയുടെയോ രൂപമുണ്ടോ എന്ന്'-ഇതുപറഞ്ഞാണ്​ കുറിപ്പ്​ അവസാനിക്കുന്നത്​.

കൂട്ടിക്കലിൽ ഉൾപ്പടെയുണ്ടായ പ്രളയത്തി​െൻറ ഉത്തരവാദിത്വം പിണറായി സർക്കാർ ഏറ്റെടുക്കണം എന്നായിരുന്നു പി.സി.ജോർജ്​ കഴിഞ്ഞ ദിവസം പ്രസ്​താവനയിൽ പറഞ്ഞത്​.'കൂട്ടിക്കൽ,കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി ഉണ്ടായിട്ടുള്ള പ്രളയ ദുരന്തം മൂലം ഇരുപത്തിമൂന്നോളം മനുഷ്യജീവൻ നഷ്ടപ്പെട്ടു. 600 ന് മുകളിൽ വീടുകൾ തകർന്നു. പൂഞ്ഞാർ - ചോലത്തടം - കാവാലി - ഏന്തയാർ റോഡ്, നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൂട്ടിക്കൽ - ഇളംകാട്- വാഗമൺ റോഡ്, കൈപ്പള്ളി - ഏന്തയാർ റോഡ്, മുണ്ടക്കയം - പുത്തൻചന്ത റോഡ് ഉൾപ്പെടെയുള്ള റോഡുകൾ പൂർണമായും തകർന്നു. മൂന്നു പഞ്ചായത്തുകളിലായിട്ടുള്ള പല പാലങ്ങളും തകർന്നു പോവുകയും ചില പാലങ്ങൾ തകർച്ചയുടെ വക്കിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഇത്രമാത്രം ദുരന്തം നാടിന് ഉണ്ടായതിന്റെ ഉത്തരവാദിത്വം പിണറായി സർക്കാർ ഏറ്റെടുത്തേ മതിയാവൂ.


കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഈ പ്രകൃതിക്ഷോഭത്തെ നേരിടുവാനുള്ള ഒരു മുൻകരുതലും എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. നമ്മുടെ മുല്ലപ്പെരിയാർ ഡാം അടുത്ത ദുരന്തത്തിന് വഴിയൊരുക്കുമോ എന്ന ഭയം ജനത്തിനുണ്ട്. 125 വർഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്ന് നമുക്കറിയാം. ഡാം തകർന്നാൽ 35 ലക്ഷത്തോളം മനുഷ്യജീവൻ നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ഡാം മാറ്റി പണിയുന്നതിന് വിദഗ്ധ സംഘം സ്ഥലം നിശ്ചയിക്കുകയും ഡാം നിർമ്മാണത്തെ സംബന്ധിച്ച് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലം മുതൽ ചർച്ച നടക്കുന്നതുമാണ്. പുതിയ ഡാമിന്റെ നിർമ്മാണ ചിലവ് പൂർണമായി ഏറ്റെടുത്തുകൊള്ളാമെന്ന് തമിഴ്നാട് സർക്കാർ പറഞ്ഞിരുന്നെങ്കിലും ദുരഭിമാനത്തിന്റെ പേരിൽ കേരളം ഇതിന് സമ്മതിച്ചില്ല .

കേരളത്തെ രണ്ടായി വിഭജിക്കും എന്ന് ജനം വിശ്വസിക്കുന്ന കെ-റെയിൽ പദ്ധതിക്കുവേണ്ടി 63,000 കോടി രൂപ കണ്ടെത്താൻ ശ്രമിക്കുന്ന സഖാവ് പിണറായി ഡാം പണിയാനുള്ള 2000 കോടി രൂപ പോലും മുടക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 31,000 കോടി രൂപയുടെ റീ ബിൽഡ് കേരള പദ്ധതിയിൽ 1000 കോടി രൂപ പോലും ചെലവഴിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ നദികളിലെയും, ഡാമുകളിലെയും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്താൽ തന്നെ ആഴം വർധിപ്പിക്കുവാനും വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാനും സാധിക്കും. മാത്രമല്ല തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാനും കഴിയും'-ജോർജ്​ പ്രസ്​താവനയിൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgemlapoonjarSebastian Kulathunkal
News Summary - poonjar mla Sebastian Kulathunkal againest pc george
Next Story