തീരം കാക്കുമോ കുമ്പാരി...
text_fieldsഅമ്പലത്തറ: കടലിന്‍റെ ഇരമ്പമാണ് തീരത്തുള്ളവരുടെ ജീവിതതാളം, തീരമില്ലാതായാൽ കടലിന്‍റെ ഇരമ്പലും തീരവാസികളുടെ ജീവതാളവും നിലക്കും. തീരമില്ലാതാക്കുന്ന തുറമുഖ പദ്ധതിക്കെതിരെ പൂന്തുറയില്‍നിന്ന് ബൈപാസ് റോഡ് ഉപരോധിക്കാനെത്തിയ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ അതിജീവനത്തിനുള്ള അവസാന പോരാട്ടമായാണ് ഈ സമരത്തെ കണ്ടത്.
തങ്ങളുടെ അവസ്ഥ പലപ്പോഴും പുറംലോകം അറിയാറില്ല. അതിനാല്‍ തങ്ങളുടെ കണ്ണീര് കാണാന്‍ അധികാരികള്‍ മെനക്കെടാറുമില്ല. ഇതുമൂലം തങ്ങള്‍ക്ക് ഇപ്പോൾ കരയിലും കടലിലും ജീവിക്കാനാകാത്ത അവസ്ഥയാണെന്ന് തീരവാസികൾ പറയുന്നു.
തീരം കാത്തില്ലെങ്കില്‍ കടലമ്മ ക്ഷോഭിക്കും. തീരത്തും കടലിലും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. കോർപറേറ്റുകളെ തീരങ്ങളില്‍നിന്ന് ഒഴിപ്പിക്കണം. പണ്ട് വര്‍ഷത്തില്‍ ഒരു തവണ കടലാക്രമണത്തെ ഭയപ്പെട്ടിരുന്ന തങ്ങള്‍ക്ക് ഇന്ന് തീരമില്ലാത്തതു കാരണം കടലിന്‍റെ ചെറിയ ചലനം പോലും പേടിയുണ്ടാക്കുന്നു.
അഞ്ച് വര്‍ഷംമുമ്പുവരെ മത്സ്യത്തൊഴിലാളികള്‍ കടലിന്‍റെ ചേല് (നിറവ്യത്യാസം) നോക്കിയാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്. തീരങ്ങള്‍ നഷ്ടമായതോടെ കടലിന്‍റെ ചേല് കാണാന്‍പോലും കഴിയാത്ത അവസ്ഥയാണ്.
വിഴിഞ്ഞത്ത് കടലിനെ കീറിമുറിക്കാന്‍ തുടങ്ങിയതോടെ കടല്‍ അമിതമായി ക്ഷോഭിക്കാന്‍ തുടങ്ങി. ദുരന്തങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എത്തിത്തുടങ്ങി. സുനാമിയും ഓഖിയും വന്നപ്പോള്‍ പിടിച്ചുനിൽക്കാനായി. തീരമില്ലാത്തതുകാരണം ഇനി ഒരു ദുരന്തം വന്നാൽ അതിജീവിക്കാനാകില്ല.
ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ നിറകണ്ണുകളോടെ തങ്ങളുടെ കിടപ്പാടങ്ങള്‍ കടലെടുത്ത് പോയതിന്‍റെ നൊമ്പരം വിവരിച്ചു. ഒരായുസ്സിലെ സമ്പാദ്യംകൊണ്ട് പടുത്തുയര്‍ത്തിയ ഭവനങ്ങള്‍ കണ്‍മുമ്പില്‍ തകർന്നുവീണ കാഴ്ചയുടെ ആഘാതത്തിൽനിന്ന് മോചിതരാകാത്തവരാണ് അവരിൽ പലരും.
സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്ത് വര്‍ഷം തോറും കരമടച്ചും വീട്ടുനികുതി അടച്ചുമാണ് തങ്ങള്‍ ഓരോരുത്തരും ഇവിടെ കഴിഞ്ഞുവന്നത്. എന്നാല്‍, ഇല്ലാത്ത ഭൂമിയുടെ പേരില്‍ കരം അടയ്ക്കേണ്ട അവസ്ഥയാണിപ്പോൾ. തലസ്ഥാനത്തിന്‍റെ കടല്‍ത്തീരങ്ങൾ ചെറിയ ലാഭത്തിനായി തീറെഴുതിയപ്പോള്‍ തകർന്നത് കാലങ്ങളായി തീരവാസികൾ കാത്തുസൂക്ഷിച്ച പരിസ്ഥിയും മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.