ആരോഗ്യപ്രവർത്തകരെ പൂവിട്ട് സ്വീകരിച്ച് പൂന്തുറക്കാർ; ഏറെ ആശ്വാസമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് സൂപ്പർ സ്പ്രെഡ് നടന്ന പൂന്തുറയിൽ കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഏറെ വിവാദമായിരുന്നു. എന്നാൽ, ഇന്ന് പ്രദേശവാസികൾ ഇവർക്ക് നൽകിയ സ്വീകരണം ഏവരുടെയും മനം നിറച്ചു.
നാട്ടുകാരും ഇടവകയും ചേർന്ന് പുഷ്പവൃഷ്ടി നടത്തിയാണ് ആരോഗ്യപ്രവർത്തകരെ വരവേറ്റത്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ളവർ വന്ന വാഹനങ്ങൾക്ക് മേൽ റോഡരികിൽ നിന്ന നാട്ടുകാർ പൂക്കൾ വാരിവിതറി. കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടകരമായ സംഭവത്തിന് നാട്ടുകാരും ഇടവകയും ക്ഷമചോദിക്കുന്നതായി ഇടവക വികാരി പറഞ്ഞു. ഈ രോഗം ഇത്ര ക്രൂരമാണെന്നറിഞ്ഞിട്ടും സേവനത്തിനായി വന്ന ആേരാഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതായും ഇവർ പറഞ്ഞു.
ഇതിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇത് പങ്കുവെച്ചു. കഴിഞ്ഞ ദിവസം പൂന്തുറയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ നടന്ന കയ്യേറ്റശ്രമം ഏറെ വേദനയുണ്ടാക്കിയെങ്കിലും ഈ ദൃശ്യം കാണുമ്പോൾ ഏറെ ആശ്വാസം തോന്നുന്നതായി ഇതോടൊപ്പമുള്ള കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
പ്രളയത്തിെൻറ നാളുകളിൽ നാടിനെ രക്ഷിക്കാൻ ഈ പ്രദേശത്തുകാർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനം നമ്മുടെയെല്ലാം മനസ്സിലുണ്ടെന്നും തുടർന്നുള്ള നാളുകളിലും ഒത്തൊരുമയോടെ കോവിഡ് ബാധയിൽനിന്ന് നമ്മുടെ നാടിനെ തിരിച്ചു കൊണ്ടുവരാമെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് അതിജീവന പ്രക്രിയയിൽ ‘കാസർകോട് മാതൃക’ ഇന്ന് ആത്മാഭിമാനം നൽകുന്നതാണ്. ഇതുപോലെ സൂപ്പർ സ്പ്രെഡ് ഉണ്ടായിട്ടും വ്യാപനത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞ ഒരു പൂന്തുറ മാതൃക ഉണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയണമെന്നും മന്ത്രി ഫേസ് ബുക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.