അമ്പലവയലിൽ ഇന്നു മുതൽ 'പൂപ്പൊലിയാരവം'
text_fieldsഅമ്പലവയൽ: ഇനിയുള്ള 15 ദിവസങ്ങൾ അമ്പലവയലിന് പൂക്കളുടെ ഉത്സവം. പൂപ്പൊലിയാരവത്തിന് അമ്പലവയൽ പൂർണമായും ഒരുങ്ങിക്കഴിഞ്ഞു.അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഞായറാഴ്ച മുതൽ ജനുവരി 15 വരെയാണ് അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി -23 നടക്കുക. പൂപ്പൊലി നഗരിയെ മാലിന്യമുക്തമാക്കാന്‍ ഗ്രീന്‍ വളന്‍റിയേഴ്സും സജ്ജമായി.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സ്വയം സഹായ സംഘവുമാണ് ഹരിത പൂപ്പൊലിക്കായി ചുക്കാന്‍ പിടിക്കുന്നത്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണ പൂപ്പൊലി സംഘടിപ്പിക്കുന്നത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ സംയുക്തമായാണ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മാലിന്യമുക്ത പൂപ്പൊലി നഗരത്തിനായി പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിദത്ത ബദല്‍ ഉല്‍പന്നങ്ങളാണ് ഉപയോഗിക്കുന്നത്.തെങ്ങോലകൊണ്ടും മുളകൊണ്ടും നിര്‍മിച്ച ബാനറുകള്‍, ചവറ്റുകുട്ടകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതിനെതിരെ കാര്‍ഷിക കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തില്‍ സൂചനാ ബോര്‍ഡുകളും വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
പൂപ്പൊലിയുടെ ഭാഗമായി ഉണ്ടാകാന്‍ സാധ്യതയുള്ള ജൈവമാലിന്യങ്ങള്‍ ഫാമില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയുടെ സഹായത്തോടെ എം.സി.എഫിലേക്ക് മാറ്റുകയും ചെയ്യും.ജൈവ മാലിന്യങ്ങള്‍, അജൈവ മാലിന്യങ്ങള്‍ എന്നിവ പ്രത്യേകം കൈകാര്യം ചെയ്യാന്‍ പിറ്റ് കമ്പോസ്റ്റുകളും ചവറ്റുകുട്ടകളും സ്ഥാപിച്ചിട്ടുണ്ട്.
പൂപ്പൊലിയുടെ നടത്തിപ്പിനായി നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ക്കും സ്റ്റാളുകള്‍ക്കും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പ്രത്യേകം നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യമുക്ത പൂപ്പൊലി സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ മൈക്ക് അനൗണ്‍സമെന്റും നടത്തും.പുഷ്പമേള ഞായറാഴ്ച വൈകീട്ട് 3.30 ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസ്
അമ്പലവയല്‍: അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയിലേക്ക് സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്.ടി.സി ഞായറാഴ്ച മുതൽ സ്പെഷൽ സര്‍വിസ് നടത്തും.
കെ.എസ്.ആര്.ടി.സി ബസില്‍ നിന്നുതന്നെ പൂപ്പൊലി ടിക്കറ്റ് ലഭിക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും അമ്പലവയലില്‍ പോയി തിരികെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിക്കുന്നതിന് പൂപ്പൊലി ടിക്കറ്റ് ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക് 100 രൂപയാണ് ഈടാക്കുന്നത്. സുൽത്താൻ ബത്തേരി- അമ്പലവയൽ 25 രൂപ, പൂപ്പൊലി ടിക്കറ്റ് 50 രൂപ എന്നിങ്ങനെയും യാത്ര ചെയ്യാം.സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും 10 സ്പെഷൽ സര്‍വിസും കല്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ നിന്നും രണ്ട് വീതം സര്‍വിസും ഉണ്ടായിരിക്കും.
പൂപ്പൊലി കഴിയുന്നത് വരെ രാവിലെ 8.30 മുതല്‍ രാത്രി പത്തു വരെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ബസ് സര്‍വീസ് നടത്തും.വിദ്യാലയങ്ങളില്‍ നിന്നും ഇതര സ്ഥാപനങ്ങളില്‍ നിന്നും ആവശ്യാനുസരണം കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തും. ഫോണ്‍: 9447518598, 9495682648.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.