പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് തിരിതെളിഞ്ഞു
text_fieldsഅമ്പലവയൽ: വയനാടിന്റെ കാർഷികവൃത്തിയിലെ ഊന്നൽ നെൽകൃഷിയിൽ മാത്രമായി ചുരുങ്ങാതെ പുഷ്പകൃഷിയും വലിയ പദ്ധതിയായി ഏറ്റെടുക്കാൻ കഴിയണമെന്ന് വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. അമ്പലവയൽ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള, ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഷ്പകൃഷിയുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
വയനാട്ടിൽ പുഷ്പകൃഷി വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ആലോചിച്ച് ഉന്നതതല യോഗം ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ആദ്യ ടിക്കറ്റ് വില്‍പന അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും പ്രദർശന, വിപണന സ്റ്റാള്‍, കാര്‍ഷിക സെമിനാർ എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാറും ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എം.എൽ.എ, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികൾ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
ജനുവരി 15 വരെയാണ് മേള. കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യ പൂപ്പൊലിയില്‍ ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം എന്നിവക്കു പുറമെ തായ്‍ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലൻഡ്സില്‍നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള വിവിധ അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണവിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.
േഫ്ലാട്ടിങ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പെര്‍ഗോള ട്രീ ഹട്ട്, ജലധാരകള്‍ എന്നിവ പുഷ്പോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ്. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ അതത് മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ മേളയില്‍ സംഘടിപ്പിക്കും. 200ല്‍പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധ കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.