ലോട്ടറിക്കും മദ്യത്തിനും അടിമയാകുന്നത് പാവപ്പെട്ട ഹിന്ദുക്കൾ, ഒരു സർക്കാർ ചെയ്തുകൂടാത്തത് -ഡോ. ജോസ് സെബാസ്റ്റ്യൻ
text_fieldsതിരുവനന്തപുരം: അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുന്നതാണ് ലോട്ടറി സംവിധാനം എന്ന് സാമ്പത്തികകാര്യ വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗവുമായ ഡോ. ജോസ് സെബാസ്റ്റ്യൻ. കേരള സമൂഹത്തിന് ദീർഘ കാലടിസ്ഥാനത്തിൽ ദോഷം ചെയ്യുന്ന ലോട്ടറി പരിപാടി ഒരു സർക്കാർ ചെയ്തുകൂടാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചു. ഇന്ത്യയിലെ ലോട്ടറി വില്പനയുടെ 90 ശതമാനവും കേരളത്തിൽ ആണ്.
മദ്യത്തിനും ലോട്ടറിക്കും അടിപ്പെടുന്നവരിൽ മുസ്‍ലിംകൾ അധികം ഇല്ല. അവർക്കു അത് ഹറാം ആണ്. ക്രിസ്ത്യാനികൾ പൊതുവെ സാമ്പത്തികമായി മെച്ചം ആണ്. അവരിലെ കുടിയും ലോട്ടറി എടുപ്പും മിതമാകാൻ ആണ് സാധ്യത. ഇത് രണ്ടിനും അടിമ ആകുന്നവർ പാവപ്പെട്ട ഹിന്ദുക്കൾ ആണ് എന്നതിന് എനിക്ക് തെളിവുണ്ട്. കേരളത്തിൽ അതിവേഗം ദരിദ്രർ ആയിക്കൊണ്ടിരിക്കുന്നത് കൂടുതലും ഹിന്ദുക്കൾ ആണ്. ആത്മഹത്യ, കുറ്റ കൃത്യങ്ങൾ എന്നിവയും അവരിൽ കൂടി വരുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു -ഡോ. ജോസ് സെബാസ്റ്റ്യൻ ഫേസ്ബുക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
പോയാൽ 500 രൂപ; കിട്ടിയാലോ 25 കോടി
ഇപ്രാവശ്യത്തെ ഓണം ബമ്പർ 25 കോടി രൂപയാണ്. ടിക്കറ്റ് വില 500 രൂപ. ആരെയും പ്രലോഭിപ്പിക്കുന്ന ഓഫർ. അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം ഇത്ര ശക്തമായി സമൂഹത്തിന് കൊടുക്കുന്നത് വൈരുദ്ധ്യാൽമക ഭൗതികവാദത്തിൽ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന സർക്കാർ.
മദ്യം കഴിഞ്ഞാൽ മലയാളികളുടെ അടുത്ത ലഹരി ആണ് ലോട്ടറി. ലോട്ടറി വില്പന 10,000 കോടി റെക്കോർഡ് ലേക്ക് എത്തിക്കുകയാണ് ലോട്ടറി ഡിപ്പാർട്മെന്റിന്റെ ലക്ഷ്യം എന്ന് അതിന്റെ ഒരു ഉദ്യോഗസ്ഥൻ അടുത്ത കാലത്ത് പറഞ്ഞു. കോവിഡ് കഴിഞ്ഞ ശേഷം കേരളത്തിൽ ഏറ്റവും വിജയിക്കുന്ന വ്യവസായം ലോട്ടറി ആണ്. പല കട ഉടമകളും പൂട്ടി ലോട്ടറി ബിസിനസിലേക്ക് നടക്കുന്നുണ്ട്. ഓരോ ജില്ലയിലും 100 ഉം 150 ഉം പേർ ലോട്ടറി വില്പന ഏജൻസികൾ എടുക്കുന്നു എന്ന് ഡിപ്പാർട്മെന്റ് അടുത്തകാലത്തു അറിയിച്ചു.
കേരള സമൂഹത്തിന് ദീർഘാകാലടിസ്ഥാനത്തിൽ ദോഷം ചെയ്യുന്ന ലോട്ടറി പരിപാടി ഒരു സർക്കാർ ചെയ്തുകൂടാത്തത് ആണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചു. ഇന്ത്യയിലെ ലോട്ടറി വില്പനയുടെ 90% കേരളത്തിൽ ആണ്.
മദ്യത്തിന്റെയും ലോട്ടറിയുടെയും വില്പനയുടെ ജില്ല തിരിച്ചുള്ള കണക്ക് എടുത്തു ഞാൻ പഠിച്ചിട്ടുണ്ട്. " കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനർവായന" എന്ന എന്റെ പുസ്തകത്തിൽ ഈ കണക്കുകൾ ഉപയോഗിച്ചുള്ള പഠനഫലങ്ങൾ കൊടുത്തിട്ടുണ്ട്. മദ്യത്തിനും ലോട്ടറിക്കും അടിപ്പെടുന്നവരിൽ മുസ്‍ലിംകൾ അധികം ഇല്ല. അവർക്കു അത് ഹറാം ആണ്. ക്രിസ്ത്യാനികൾ പൊതുവെ സാമ്പത്തികമായി മെച്ചം ആണ്. അവരിലെ കുടിയും ലോട്ടറി എടുപ്പും മിതമാകാൻ ആണ് സാധ്യത. ഇത് രണ്ടിനും അടിമ ആകുന്നവർ പാവപ്പെട്ട ഹിന്ദുക്കൾ ആണ് എന്നതിന് എനിക്ക് തെളിവ് ഉണ്ട്. കേരളത്തിൽ അതിവേഗം ദരിദ്രർ ആയിക്കൊണ്ടിരിക്കുന്നത് കൂടുതലും ഹിന്ദുക്കൾ ആണ്. ആത്മഹത്യ, കുറ്റ കൃത്യങ്ങൾ എന്നിവയും അവരിൽ കൂടി വരുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
ഇതിന് ഒരു പ്രധാന കാരണം മദ്യവും ലോട്ടറിയും വഴിയുള്ള സർക്കാരിന്റെ ഊറ്റൽ ആണ്. സർക്കാരിന് മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാതെ അല്ല. എത്രയോ ഉണ്ട്? പക്ഷെ മധ്യ വർഗത്തെയും സമ്പന്നരെയും പിണക്കേണ്ടിവരും. അതിനേക്കാൾ എളുപ്പം നനഞ്ഞിടം കുഴിക്കുക അല്ലേ?
ഭാഗ്യക്കുറിയുടെ ലഹരിക്ക് അടിമ ആകുന്ന നിർഭാഗ്യവാൻമാർ
അടിച്ചിടലിന് ശേഷം ഭാഗ്യക്കുറിയുടെ വിൽപന ഇരട്ടി ആയെന്നു ചില പത്ര വാർത്തകൾ കണ്ടൂ. ദാരിദ്ര്യം കൂടുന്തോറും ഭാഗ്യത്തിന്റെ പുറകെ ജനം പോകും. അവർക്കും സന്തോഷം. പോയാൽ 30 രൂപ. കിട്ടിയാലോ,? 60 ഉം 75 ഉം ലക്ഷങ്ങൾ. സർക്കാരിന് ആണെങ്കിലോ, നികുതിപ്പണം കൊണ്ട് നടത്തി എടുക്കേണ്ട പല കാര്യങ്ങക്കും വേണ്ട പണം കണ്ടെത്താനുള്ള എളുപ്പവഴി. കാരുണ്യ പോലുള്ള ലോട്ടറി കൊണ്ട് എത്രയോ പാവപ്പെട്ടവർക്ക് ചികിത്സ നൽകാൻ ആയി? ലോട്ടറി കമ്മീഷൻ കൊണ്ട് ജീവിതം കൂട്ടി മുട്ടിച്ചു കൊണ്ടുപോകുന്ന 3 ലക്ഷം വരുന്ന ലോട്ടറി തൊഴിലാളികളും സന്തുഷ്ടാണ്. എല്ലാവരും ഒരുപോലെ വിജയിക്കുന്ന ഈ 'കേരളാ മോഡൽ' അല്ലേ അനുകരിക്കേണ്ടത്?
എന്നിട്ടും എന്താണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചത്? 2017-18 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ലോട്ടറി വരുമാനത്തിന്റെ 95.95% കേരളത്തിൽ നിന്നാണ്. ലോട്ടറി പാവപ്പെട്ടവരുടെ മേലുള്ള നികുതി ആണെന്ന് തിരിച്ചു അറിഞ്ഞത് കൊണ്ടാണ് അവരൊക്കെ അത് നിരോധിച്ചത്.
കേരളത്തിൽ നികുതി പിരിവ് ബുദ്ധിമുട്ട് ആണെന്ന് രണ്ടു മുന്നണിക്കും അറിയാം. ഏതെങ്കിലും മേഖലയിൽ നിന്ന് നികുതി പിരിക്കാൻ പോയാൽ എതിർപ്പ് ഉയരും. നേരെ മറിച്ച് മദ്യവും ലോട്ടറിയും ആകുമ്പോൾ എല്ലാവർക്കും സമ്മതം. ഈ രണ്ടു ഇനങ്ങളിൽ നിന്ന് ഉള്ള വരുമാനം 1970-71 ഇൽ മൊത്തം തനതു വരുമാനത്തിന്റെ 14.77% ആയിരുന്നു. ഇന്ന് അത് 36% നു മുകളിൽ ആണ്.
ലോട്ടറി പാവപ്പെട്ടവർക്ക് ചെയ്യുന്ന ദോഷം എന്താണ്? അത് ജനങ്ങളെ ഭാഗ്യാന്വേഷികൾ ആക്കി മാറ്റുന്നു. അധ്വാനം അല്ല ഭാഗ്യം ആണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്ന തെറ്റായ സന്ദേശം അത് പാവപ്പെട്ടവർക്ക് നൽകുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആൾകാർ ആയ കമ്മ്യൂണിസ്റ് കാർ എങ്കിലും ഇത് തിരിച്ചു അറിയേണ്ടത് അല്ലേ?
ലോട്ടറി ലഹരി കുത്തിവെക്കുന്നത് വളരെ തന്ത്ര പരമായി ആണ്. ഇടക്ക് 500 ഉം 1000 വും ഒക്കെ അടിക്കും. ഭാഗ്യം അങ്ങ് അടുത്തിരിക്കുന്നു എന്ന തോന്നൽ ഇത് ഉണ്ടാക്കുന്നു. പിന്നെ 30 രൂപക്ക് എടുക്കുന്നവർ 300 രൂപക്ക് എടുക്കും. അതിനിടയിൽ ആയിരിക്കും അടുത്ത് എവിടെ എങ്കിലും 12 കോടിയുടെ ബംപർ അടിച്ചു എന്ന വാർത്ത വരുന്നത്. പിന്നെ പിടിച്ചാൽ കിട്ടുകേല!!
ഒരു മുപ്പതു വർഷം തുടർച്ച ആയി ലോട്ടറി എടുത്ത ഒരാൾക്ക് കിട്ടിയ സമ്മാനവും അയാൾ എടുത്ത് ടിക്കറ്റുകളുടെ വിലയും താരതമ്യം ചെയ്താൽ ഞെട്ടി പോകും. ലോട്ടറി സമ്പത്തിന്റെ പുനർ വിതരണം ആണെന്നൊക്കെ തെറ്റിദ്ധരിക്കുന്ന ആൾകാർ ഉണ്ട്. സത്യത്തിൽ സംഭവിക്കുന്നത് പാവങ്ങളുടെ ഇടയിലെ പുനർവിതരണം ആണ്.
മദ്യത്തിന്റെയും ലോട്ടറിയുടെയും ലഹരിക്ക് അടിമപെടുന്നവർ താരതമ്യേന കൂടുതൽ പാവപ്പെട്ട ഹിന്ദുക്കൾ ആണെന്ന് മുൻപ് ഞാൻ ഒരു പോസ്റ്റിൽ എഴുതി. അവരുടെ ഇടയിൽ അതിവേഗം ദരിദ്രവൽകരണം നടക്കുന്നു എന്ന് എനിക്ക് തോന്നുന്നു. അടുത്തിടെ നടന്ന ആത്മഹത്യ എടുത്താൽ 85% താഴ്ന്ന ഇടത്തരക്കാർ ആയ ഹിന്ദുക്കൾ ആണ്.
ലോട്ടറി ലഹരിയിൽ നിന്ന് കേരളത്തിന് രക്ഷ ഇല്ല. 3 ലക്ഷം ലോട്ടറി തൊഴിലാളികളുടെ ജീവിത മാർഗം അല്ലേ? ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് തൊഴിലാളികൾ, സ്വർണ കടത്ത് തൊഴിലാളികൾ, വ്യാജവാറ്റ് തൊഴിലാളികൾ, ഗുണ്ടാ തൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിന് ദോഷം ചെയ്യുന്ന കാര്യങ്ങൾ ആണല്ലോ ഇവിടെ തൊഴിൽ സൃഷ്ടിക്കുന്നത്. കലികാലം എന്ന് അല്ലാതെ എന്ത് പറയാൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.