ഗുണനിലവാരമില്ലാത്ത ശർക്കര: കടുത്ത നടപടിയുമായി സപ്ലൈകോ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ഓണക്കിറ്റിലേക്ക് ഗുണനിലവാരമില്ലാത്ത ശർക്കര വിതരണം ചെയ്തതിന് വിതരണക്കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി സപ്ലൈകോ. ഏഴ് കമ്പനികളുടെയും സെക്യൂരിറ്റി ഡിപ്പോസിറ്റിൽനിന്ന് 10 ശതമാനം പിടിച്ചുവെക്കുമെന്ന് സപ്ലൈകോ സി.എം.ഡി (ഇൻ ചാർജ്) അസ്ഗർ അലി പാഷ അറിയിച്ചു. കൂടുതൽപരിശോധനകൾക്ക് ശേഷം ഇവർക്കെതിരെ പിഴ ചുമത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശർക്കര വിതരണത്തിൽ കൈ പൊള്ളിയതോടെ ഇനിമുതൽ ഭക്ഷ്യക്കിറ്റിലേക്ക് ശർക്കര നൽകേണ്ടതില്ലെന്നാണ് ഭക്ഷ്യവകുപ്പിെൻറ തീരുമാനം. പകരം പഞ്ചസാര നൽകും. അതേസമയം, ഓണക്കിറ്റിലൂടെ ആരോഗ്യത്തിന് ഹാനികരമായ ശർക്കരയാണ് സർക്കാർ വിതരണം ചെയ്തതെന്ന ബി.ജെ.പിയുടെ ആരോപണം സപ്ലൈകോയും ഭക്ഷ്യവകുപ്പും തള്ളി.
സപ്ലൈകോയുടെ 56 ഡിപ്പോകളിലായി 500 ലോഡ് ശർക്കരയാണ് ഇത്തവണ എത്തിയത്. 71 ലോഡുകളിൽ സംശയം തോന്നിയതിനെതുടർന്ന് പരിശോധനക്ക് അയച്ചു.
ഇതിൽ 36 ലോഡ് ശർക്കരക്ക് ഗുണനിലവാരമില്ലെന്നാണ് സര്‍ക്കാറിെൻറ കീഴിലുള്ള കോന്നിയിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിൽ കണ്ടെത്തിയത്. ചിലതില്‍ സുക്രോസിെൻറ അളവ് കുറവാണ്. ചിലതില്‍ നിറം ചേര്‍ത്തിട്ടുണ്ട്. ചിലതില്‍ മുടിയുടെ സാന്നിധ്യമുണ്ട്.
ഇത്തരം ലോഡുകൾ തിരിച്ചെടുക്കണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 24ന് ലഭിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കിറ്റുകളിൽനിന്ന് ശർക്കര ഒഴിവാക്കി പഞ്ചസാര നൽകി.
ആദ്യം നൽകിയ കിറ്റുകളിലെ ശർക്കര കഴിച്ച് ആർക്കും ആരോഗ്യപ്രശ്നമുണ്ടായതായി പരാതികൾ ലഭിച്ചിട്ടില്ലെന്നും സി.എം.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.