പൂരം: സർക്കാർ നടപടി തിരിച്ചടി ഭയന്ന്
text_fieldsതൃശൂർ: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറുന്നത് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കി. സംഭവത്തിൽ തൃശൂർ പൊലീസ് കമീഷണർ അങ്കിത്ത് അശോക്, അസിസ്റ്റന്റ് കമീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമീഷന്റെ അനുവാദത്തോടെ അടിയന്തരമായി സ്ഥലം മാറ്റാനാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്.
പൂരവുമായി ബന്ധപ്പെട്ടവരെ തടയുന്ന ദൃശ്യങ്ങൾകൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാറിനെയും ഇടതുമുന്നണിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ തൃശൂർ പൂരം വിഷയത്തിൽ നടപടി വൈകുന്നത് രാഷ്ട്രീയ നേട്ടത്തിന് എതിരാളികൾ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും നടപടികൾക്ക് വേഗംകൂട്ടി.
ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രിയടക്കം മൂന്നുപേരാണ് പിണറായി മന്ത്രിസഭയിൽ ജില്ലയെ പ്രതിനിധാനം ചെയ്യുന്നത്. ഇതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ കെ. രാജനാകട്ടെ വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ പൂരസംഘാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്.
പൂരത്തിന് തൃശൂരിന്റെ ഭൂമികയിലും ഉത്സവ ഭൂപടത്തിലുമുള്ള പ്രാധാന്യം മറ്റാരേക്കാളും നന്നായി അറിയാവുന്ന വ്യക്തിയുമാണ്. എന്നിട്ടും ഔദ്യോഗിക സംവിധാനത്തിന്റെ വീഴ്ചകൊണ്ട് പൂരം അലങ്കോലമായത് വലിയ നാണക്കേടാണ് വ്യക്തിപരമായും ഇദ്ദേഹത്തിന് ഉണ്ടാക്കിയത്.
കഴിഞ്ഞ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിനകത്ത് ലാത്തി വീശാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെത്തന്നെ ഈ വർഷവും സുരക്ഷ ചുമതല ഏൽപിക്കുമ്പോൾ മതിയായ മുൻകരുതൽ എടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്. കമീഷണർ അങ്കിത് അശോകനെതിരെ നിരവധി പരാതികൾ നേരത്തേതന്നെ ഉയർന്നിട്ടുണ്ട്.
എന്നാൽ, കമീഷണറെ ഒപ്പം നിർത്തുന്ന നടപടിയാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടായിട്ടുള്ളത്. തൃശൂർകാർക്ക് വൈകാരികമായി അടുപ്പമുള്ള വിഷയത്തിലുണ്ടായ തിരിച്ചടി ചർച്ചയായി നിലനിൽക്കുന്നത് ലോക്സഭ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ദോഷം ചെയ്യുമെന്ന് ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വവും മുഖ്യമന്ത്രിയുടെയടക്കം ശ്രദ്ധയിൽ പെടുത്തിയതായും വിവരമുണ്ട്. ഇതിനൊപ്പം മന്ത്രിമാരായ രാജനും കെ. രാധാകൃഷ്ണനും കമീഷണർക്കെതിരായ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും കമീഷണർക്കെതിരായിരുന്നു. ബി.ജെ.പിയും കോൺഗ്രസും ഒരേപോലെ വിഷയം പ്രചാരണായുധമാക്കുകയും ചെയ്തു. ഇതോടെ നടപടികളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നത് തിരിച്ചടിയാവുമെന്ന് സർക്കാറിനും ബോധ്യമാവുകയായിരുന്നു.
കുടയും പനംപട്ടയും തടഞ്ഞ് കമീഷണർ
തൃശൂർ: പൂരത്തിനിടെ പൊലീസിന്റെ അനാവശ്യ ഇടപെടലുകൾ വ്യക്തമാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തെത്തി. പൂരത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായ കുടമാറ്റത്തിനുള്ള വർണക്കുടകൾ തെക്കേ ഗോപുരനടയിൽ എത്തിക്കാൻ പോലും ദേവസ്വങ്ങൾക്ക് സിറ്റി പൊലീസ് കമീഷണറുടെ കാല് പിടിക്കേണ്ടി വന്നു.
ആനകർക്ക് പനം പട്ട എത്തിക്കാനും കമീഷണർ തടസ്സം നിന്നു. കുടമാറ്റത്തിന് നിരവധി കുടകൾ തേക്കിൻകാട് മൈതാനിയിൽ എത്തിക്കേണ്ടതായിരുന്നു. ഇതിനായി പലതവണ ആളുകൾ എത്തിയതാണ് കമീഷണർ അങ്കിത് അശോകനെ പ്രകോപിതനാക്കിയത്. തിരിച്ചറിയൽ കാർഡ് ഉള്ളവരാണ് ഇത്തരത്തിൽ എത്തിയത്. എന്നിട്ടും കടത്തിവിടാതെ കയർക്കുകയാണ് കമീഷണർ ചെയ്തത്.
ഇരു വിഭാഗങ്ങളിലായി 30 ആനകൾ അണിനിരക്കുന്ന കുടമാറ്റം രണ്ട് മണിക്കൂറോളം നീളുന്നതാണ്. ഈസമയം ആനകൾക്ക് തിന്നാൻ പനംപട്ട എത്തിക്കാൻ ശ്രമിച്ചവരെയാണ് തടഞ്ഞത്. പട്ട എടുത്തുകൊണ്ടുപോകാൻ കമീഷണർ കയർത്തുപറയുന്നതും ദൃശ്യങ്ങളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.