പൂരം വെടിക്കെട്ട്: കെ. മുരളീധരന് മറുപടിയുമായി സുരേഷ് ഗോപി; വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയെന്ന്
text_fieldsതൃശൂർ: പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കെ. മുരളീധരന്‍റെ വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി. വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവർ തന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മുതലെടുക്കാന്‍ ശ്രമിച്ചത് എല്‍.ഡി.എഫും യു.ഡി.എഫുമാണ്. വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചു. ശബരിമല പോലെ ഒരു ഓപറേഷനാണോ തൃശൂരിൽ നടന്നതെന്ന് സംശയിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.
പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കെ. മുരളീധരൻ ഇന്ന് നടത്തിയത്. അനാവശ്യ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തിന്‍റെ ശോഭ കെടുത്തിയെന്നാണ് മുരളീധരൻ പറഞ്ഞത്. ആദ്യമായി പൂരം നടത്തുന്നത് പോലെയായി കാര്യങ്ങൾ. തോന്നുന്ന ദിക്കിൽ ബാരിക്കേട് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിന് സംഭവിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ എന്ന് മുരളീധരൻ ചോദിച്ചു. ഇന്നലെ രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം ഇന്ന് രാവിലെയാണ് പരിഹരിച്ചത്. ജില്ലയിൽ രണ്ട് മന്ത്രിമാർ ഉണ്ട്. ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചു. ജനങ്ങൾ ആത്മസംയമനം പാലിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു. ഇത് ദൗർഭാഗ്യകരമായി. കേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബുദ്ധിമുട്ടിച്ചെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.