പൂതന പ്രയോഗം പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ലെന്ന് മന്ത്രി ജി.സുധാകരൻ
text_fieldsആലപ്പുഴ: പൂതനമാർക്ക് ജയിക്കാനുള്ളതല്ല അരൂർ മണ്ഡലമെന്ന് പറഞ്ഞത് പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും ആണെന്ന് വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നുമുള്ള വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ.
സ്വയം പൂതനയാണെന്ന് വ്യാഖ്യാനിച്ച് യു.ഡി.എഫ് സ്ഥാനാർഥിയും അനുയായികളും നടത്തുന്ന സത്യവിരുദ്ധ പ്രചാരണം തടയണമെന്നും തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള പ്രചാരണം നടത്താനുള്ള തെൻറ അവകാശം സംരക്ഷിച്ച് തരണമെന്നും അഭ്യർഥിച്ച് ജില്ല വരണാധികാരി കൂടിയായ കലക്ടർക്ക് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കത്തിെൻറ പകർപ്പ് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കും നൽകിയിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ഡി.സി.സി പ്രസിഡൻറ് എം.ലിജുവും മഹിള കോൺഗ്രസ് നേതാവ് ലതികാ സുഭാഷും തനിക്കെതിരെ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണാജനകമായി തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്ക് വിപരീതമായി പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന കത്തിൽ ഷാനിമോളോ യു.ഡി.എഫ് സ്ഥാനാർഥിയോ പൂതനയാണെന്ന് പറഞ്ഞിട്ടില്ലെന്നും പറയുകയില്ലെന്നും വിശദീകരിക്കുന്നുണ്ട്.
കലക്ടർ ഇന്ന് റിപ്പോർട്ട് കൈമാറും
ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ മന്ത്രി ജി.സുധാകരൻ പൂതനയെന്ന് വിളിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ വരണാധികാരി കൂടിയായ ജില്ല കലക്ടർ ഡോ.അദീല അബ്ദുല്ല തിങ്കളാഴ്ച സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണക്ക് റിപ്പോർട്ട് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.