പോപുലർ നിക്ഷേപത്തട്ടിപ്പ്: സി.ബി.ഐ അന്വേഷണം ഇഴയുന്നുവെന്ന് ഹൈകോടതി
text_fieldsകൊച്ചി: പത്തനംതിട്ട പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിലെ സി.ബി.ഐ അന്വേഷണം ഇഴയുകയാണെന്ന് ഹൈകോടതി. രണ്ടും നാലും അഞ്ചും പ്രതികളായ പ്രഭ തോമസ്, ഡോ. റീബ മേരി തോമസ്, ഡോ. റിയ ആൻ തോമസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ ഹരജി തള്ളിയാണ് ജസ്റ്റിസ് പി. സോമരാജെൻറ നിരീക്ഷണം. മൂന്നുമാസമായി മൂന്ന് സാക്ഷികളെ മാത്രമാണ് ചോദ്യം ചെയ്തതെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
30,000ലേറെ നിക്ഷേപകരിൽനിന്നായി 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐയുടെ ഹരജി. ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ മതിയായതല്ല.
ഇത് രാജ്യത്തിെൻറ പലഭാഗത്തായി ശാഖകളുള്ള സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജർമാരെയും സ്വാധീനിക്കാൻ പ്രതികൾക്ക് വഴിയൊരുക്കുമെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. 2020 നവംബർ 23നാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്. ആറുമാസത്തിലേറെ തടവിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചതെന്നും അന്വേഷണത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നവിധം കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരെ വീണ്ടും തടവിലാക്കുന്നത് വിചാരണ നടത്താതെ ശിക്ഷിക്കുന്നതിന് തുല്യമാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.