പോപ്പുലർ ഫിനാൻസ്: ഉടമയുടെ മക്കളെ പത്തനംതിട്ടയിലെത്തിക്കും
text_fieldsകൊച്ചി: രാജ്യംവിടാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽ പിടിയിലായ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സ്ഥാപന ഉടമയുടെ മക്കളായ സി.ഇ.ഒ ഡോ. റിനു മറിയം തോമസ്, ഡയറക്ടർ ഡോ. റിയ ആൻ തോമസ് എന്നിവരെയാണ് കൊച്ചിയിലെത്തിച്ച് കസ്റ്റഡിയിലെടുത്തത്.
പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിൻെറ മക്കളാണ് ഇവര്‍. ആസ്ട്രേലിയയിെല ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ ശ്രമിക്കവെ ഡല്‍ഹി വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് ഇരുവരും പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. വൈകീട്ട് ഇവരെ പോപ്പുലര്‍ ഫിനാന്‍സിൻെറ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോന്നിയില്‍ എത്തിക്കും.
കമ്പനി ഉടമകളായ റോയി ഡാനിയൽ, ഭാര്യ പ്രഭ, മക്കൾ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുടുംബസമേതം രാജ്യംവിടാൻ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പോപ്പുലർ ഫിനാൻസിെൻറ കോന്നി വകയാറിലെ ആസ്ഥാന ഒാഫിസിൽ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തി. നിക്ഷേപവും പണംമാറ്റലുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് നിക്ഷേപകരെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥാപനത്തിന് മുന്നിൽ സത്യഗ്രഹം ഇരിക്കാൻ തുടങ്ങിയ നിക്ഷേപകരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
ഇതിനിടെ, സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകി. കേസ് െസപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.