പോപുലർ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം ഏറ്റെടുക്കാതെ സി.ബി.ഐ
text_fieldsകോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐ ഏറ്റെടുക്കാൻ തയാറാകാത്തതിൽ നിക്ഷേപകർ കടുത്ത ആശങ്കയിൽ.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആയിരുന്നിട്ടുകൂടി കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ കേസിൽ വേണ്ടത്ര പ്രാധാന്യംകൊടുക്കാത്തതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. സി.ബി.ഐ കേസ് ഏറ്റെടുക്കുവാൻ സംസ്ഥാന സർക്കാർ ശിപാർശ ചെയ്യുകയും ഹൈകോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പോപുലർ തട്ടിപ്പുമായി ബന്ധപ്പെട്ട് 340ൽപരം കേസുകളാണ് കോന്നി പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും പല സംസ്ഥാനങ്ങളുമായി വ്യാപിച്ചുകിടക്കുന്ന നിക്ഷേപ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രായോഗികമായ തടസ്സങ്ങളും നിലവിലുണ്ട്. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും സി.ബി.ഐയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.
സി.ബി.ഐ കേസ് ഏറ്റെടുക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ സി.ബി.ഐ ഓഫിസിന് മുന്നിൽ സമരം സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ നീതി ലഭിക്കാതെ നിക്ഷേപകർ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.