പോപുലർ തട്ടിപ്പ്:ഇതുവരെ രജിസ്റ്റർ ചെയ്തത് രണ്ട് കേസ്; മറ്റു പരാതിക്കാരെ സാക്ഷികളാക്കുന്നു
text_fieldsകോന്നി: പോപുലർ സാമ്പത്തിക തട്ടിപ്പുകേസിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് വെറും രണ്ടു കേസ് മാത്രം. കോന്നി പൊലീസ് സ്റ്റേഷനിൽ 1740/ 2020 കേസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസും മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് പ്രതികൾക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് കേരളത്തിനകത്തും പുറത്തുമായി നടത്തിയവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ദിവസേന നൂറിലധികം പരാതികളാണ് വരുന്നത്. ഇത്തരം പരാതിക്കാരെ കോന്നി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷികളാക്കി മാറ്റുകയാണ്. അതോടെ പോപുലറിെൻറ തട്ടിപ്പ് ഒറ്റക്കേസിൽ ചുരുങ്ങും.
ഇപ്പോൾ തന്നെ കോന്നി പൊലീസ് സ്റ്റേഷനിൽ പരാതികൾ രണ്ടായിരത്തോളം എത്തുന്നു. കേരളത്തിെൻറ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾകൂടി കോന്നിയിലേക്ക് മാറ്റും. നിലവിലെ അന്വേഷണ സംഘത്തിലേ ഒന്നോ രണ്ടോ ഇൻസ്പെക്ടമാരെക്കൊണ്ട് പരാതി പഠിച്ച് നടപടിക്രമങ്ങളിലേക്ക് എത്തുമ്പോഴേക്കും കേസ് തേഞ്ഞുമാഞ്ഞ് ഉടമകൾ പാപ്പരായി മാറി കേസ് തന്നെ ഇല്ലാതാകും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥതലത്തിലെ ബുദ്ധിയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ആക്ഷൻ കൗൺസിൽ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. അടുത്ത ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ല ഫസ്റ്റ് ക്ലാസ് കോടതികളിലും നിക്ഷേപകർ കേസ് ഫയൽ ചെയ്യുന്നതിനൊപ്പം ബന്ധപ്പെട്ട മറ്റു വകുപ്പ് അധികാരികൾക്കൾക്കും പരാതി നൽകും. പോപുലർ ഫിനാൻസ് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾക്ക് കേരളത്തിൽ രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.