പോപുലര്‍ ഫ്രണ്ട് നിരോധനം: പെരിയാര്‍വാലി കാമ്പസ് ഏറ്റെടുക്കാനുള്ള പൊലീസ് നടപടി പൂർത്തിയാക്കി
text_fieldsആലുവ: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ നിയന്ത്രണത്തില്‍ ആലുവ കുഞ്ഞുണ്ണിക്കരയിൽ പ്രവര്‍ത്തിച്ചിരുന്ന പെരിയാര്‍വാലി കാമ്പസ് ഏറ്റെടുത്ത് പൊലീസ് സീൽവെച്ചു. യു.എ.പി.എ സെഷന്‍ 25 പ്രകാരം വ്യാഴാഴ്ച രാത്രി ഒന്‍പത് മണിക്ക് എന്‍.ഐ.എയുടെ നേതൃത്വത്തിൽ ഇവിടെ നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. തഹസില്‍ദാറുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
ഏറ്റെടുക്കലിന്റെ രണ്ടാം ഘട്ട നടപടിയാണ് വെള്ളിയാഴ്ച കേരള പൊലീസ് നടത്തിയത്. രാത്രി ഏഴ് മണിയോടെയാണ് പൊലീസിന്റെ ഏറ്റെടുക്കൽ നടന്നത്. യു.എ.പി.എ സെഷന്‍ എട്ട് അനുസരിച്ച് നടത്തിയ ഏറ്റെടുക്കലിന്റെ ഭാഗമായി കാമ്പസില്‍ നോട്ടീസ് പതിച്ചു.
എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇതിനായി കാമ്പസിലെത്തിയത്. വരും ദിവസങ്ങളില്‍ അവസാനഘട്ട ഏറ്റെടുക്കല്‍ പ്രവര്‍ത്തനം കൂടി നടത്തി പെരിയാര്‍വാലി ക്യാമ്പസ് പൂട്ടി സീല്‍ ചെയ്യും. ജില്ല കലക്ടറുടെ നേതൃത്വത്തിലാണ് അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കുക.
സെപ്റ്റംബർ 28നാണ് രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉതതരവിറക്കിയത്. അഞ്ച് വർഷത്തേക്കാണ് പി.എഫ്.ഐക്കും എട്ട് അനുബന്ധ സംഘടനകൾക്കും പ്രവർത്തന നിരോധനം ഏർപ്പെടുത്തിയത്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളെയാണ് നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.