പോപുലർ ഫ്രണ്ട് നിരോധനം: വേട്ടയാടുന്നെന്ന തോന്നലുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ പേരിൽ ആരെയും വേട്ടയാടുകയാണെന്ന തോന്നലുണ്ടാകരുത്. ജില്ല കലക്ടർമാർ, ജില്ല പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും അതിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചുതുടങ്ങി. നിരോധനം സംസ്ഥാനത്തും കർശനമായി നടപ്പാക്കേണ്ടതുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുകയാണ്. ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം.ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ലഹരിക്കെതിരായ ബൃഹത്പദ്ധതിയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുറപ്പാക്കണം. സ്ഥിരം കുറ്റവാളികളെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കരുതൽ തടങ്കലിൽ വെക്കണം. കാപ്പ നിയമം ഫലപ്രദമായി ഉപയോഗിക്കണം.
ഈ വിഷയത്തിൽ പൊലീസും ജില്ല ഭരണകൂടവും തമ്മിലെ തർക്കം നീതീകരിക്കാനാകില്ല. പൊലീസ് നൽകുന്ന ശിപാർശകളിൽ ഫലപ്രദമായ നടപടിയുണ്ടാകണം. ഗുണ്ട പട്ടിക സംബന്ധിച്ച ശിപാർശകളിൽ സംശയമുണ്ടെങ്കിൽ ജില്ല കലക്ടർമാരും ജില്ല പൊലീസ് മേധാവികളും ചർച്ച നടത്തി പരിഹാരം കാണണം. കാപ്പ ശിപാർശയിൽ ഉത്തരവിടുന്നതിൽ ചില കലക്ടർമാർ പിന്നോട്ടാണ്. അത് പാടില്ല. ഒരു നിയമം എല്ലാ കലക്ടർമാരും ഒരുപോലെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.