പോപുലർ ഫ്രണ്ട് ഹർത്താൽ: റവന്യൂ റിക്കവറി വൈകിയതിൽ ഹൈകോടതിയിൽ മാപ്പപേക്ഷിച്ച് സർക്കാർ
text_fieldsകൊച്ചി: പോപുലർ ഫ്രണ്ടിന്റെ സെപ്റ്റംബർ 23ലെ മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്‌ടപരിഹാരം ഈടാക്കാനുള്ള നടപടികൾ വൈകിയതിൽ സംസ്ഥാന സർക്കാർ ഹൈകോടതിയോട് മാപ്പപേക്ഷിച്ചു. ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്ന് 5.20 കോടി രൂപ ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം നേരിട്ടെത്തിയ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി വി. വേണുവാണ് നിരുപാധികം മാപ്പപേക്ഷിച്ചത്. ആദ്യഘട്ട റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്നടക്കം വ്യക്തമാക്കി സത്യവാങ്മൂലവും നൽകി.
പൊതുമുതൽ നശിപ്പിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും ജനങ്ങളുടെ സ്വത്തായതിനാൽ സംരക്ഷിക്കപ്പെടണമെന്നും അഡീ. ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. കോടതി ഉത്തരവുണ്ടായാൽ സമയബന്ധിതമായി നടപ്പാക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ചക്ക് അവസാനമുണ്ടാകണം. സർക്കാർ ഉത്തരവാണോ കോടതി ഉത്തരവാണോ അനുസരിക്കേണ്ടതെന്നും ആരാണ് മാസ്റ്റർ എന്നുമുള്ള ചിന്ത ഉദ്യോഗസ്ഥർക്കുണ്ട്. കോടതിയല്ല ശമ്പളം നൽകുന്നതെന്നതിനാൽ കോടതി ഉത്തരവ് പാലിക്കേണ്ടതില്ല എന്ന ചിന്ത ഉദ്യോഗസ്ഥർക്കുണ്ട്. ഡെപ്യൂട്ടി കലക്ടർ അടക്കമുള്ളവർക്ക് ക്ലാസെടുക്കാൻ പോകുമ്പോൾ ഇത്തരം സംശയങ്ങൾ ചോദ്യമായി ഉയരാറുണ്ട്. പുതുവർഷത്തിലെങ്കിലും ഈ ധാരണ മാറണമെന്നും കോടതി നിർദേശിച്ചു.
നഷ്ടപരിഹാരം നിർണയിക്കാൻ നിയോഗിക്കപ്പെട്ട ക്ലെയിം കമീഷണറുടെ തെളിവെടുപ്പിനായി എറണാകുളം ഗെസ്റ്റ് ഹൗസിൽ ജില്ല കലക്ടർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. ആവശ്യമെങ്കിൽ മറ്റ് കലക്ടർമാരുടെ സഹായവും ലഭിക്കും. അതിനാൽ, ക്ലെയിം കമീഷണറുടെ നടപടികൾക്ക് ഇനി തടസ്സമുണ്ടാകില്ല. പോപുലർ ഫ്രണ്ടിന്‍റെയും ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്‍റെയും ആസ്തികൾ സംബന്ധിച്ച് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. ലാൻഡ് റവന്യൂ കമീഷണറും റിക്കവറി നടപടികൾക്ക് നിർദേശിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഐ.ജി നൽകിയ പട്ടികയിലുള്ള സ്വത്തുക്കളുടെ റവന്യൂ റിക്കവറി നടപടികൾ 15നകം പൂർത്തിയാക്കും. തുടർന്നുള്ള ഒരുമാസത്തിനകം ബന്ധപ്പെട്ട എല്ലാ റവന്യൂ റിക്കവറി നടപടികളും പൂർത്തിയാക്കും. കോടതി ഉത്തരവ് വീഴ്ചയില്ലാതെ നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു.
കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ കോടതി നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കി നീതിനിർവഹണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിർദേശം നൽകുമെന്നുമുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി. നീതിന്യായ സംവിധാനവും എക്സിക്യൂട്ടിവും ശത്രുക്കളല്ലെന്നും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ നീതി നടപ്പാക്കാനാവുമെന്നും കോടതി വ്യക്തമാക്കി.
ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹരജി ജനുവരി 18ലേക്ക് മാറ്റി. ഹർത്താലുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ അബ്ദുൽ സത്താറിന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഓരോ കോടതിയിലും നേരിട്ട് ഹാജരാക്കുന്നതിനു പകരം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്ന ഇയാളെ വിഡിയോ കോൺഫറൻസിങ് മുഖേന ഹാജരാക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.