പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: ജപ്തി നടപടികള്‍ പൂര്‍ത്തിയായി
text_fieldsതിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ ഹൈകോടതി ഉത്തരവു പ്രകാരം സംഘടന ഓഫിസുകളിലും പ്രധാന ഭാരവാഹികളുടെ വീടുകളിലും അടക്കം സംസ്ഥാനത്തെ 173 കേന്ദ്രങ്ങളില്‍ നടത്തിയ ജപ്തി നടപടികള്‍ പൂര്‍ത്തിയായി. കണ്ണൂരടക്കം ചിലയിടങ്ങളിലെ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. ഇവ ഞായറാഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് വിവരം. വിവിധ ജില്ലകളിൽ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലാണ് നടപടികൾ.
ജപ്തി വിവരങ്ങൾ റവന്യൂ വകുപ്പ് തിങ്കളാഴ്ച ഹൈകോടതിയെ അറിയിക്കും. ഹൈകോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ലേലമടക്കം തുടര്‍നടപടികള്‍ സ്വീകരിക്കുക.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജപ്തി നടന്നത്- 89 എണ്ണം. കോഴിക്കോട് 23 എണ്ണവും. കണ്ണൂരിൽ ഒമ്പതും കാസർകോട് മൂന്ന്, വയനാട് 14, തൃശൂര്‍ 16, കോട്ടയം അഞ്ച്, ഇടുക്കി ആറ്, പത്തനംതിട്ട രണ്ട്, തിരുവനന്തപുരം അഞ്ച്, കൊല്ലം ഒന്ന് എന്നിങ്ങനെയും ജപ്തി നടന്നു.
ഹര്‍ത്താല്‍ അക്രമത്തിൽ 5.26 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഈ തുക കോടതിയില്‍ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് നടപടിക്ക് ൈഹകോടതി ഉത്തരവിട്ടത്.
തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ പി.എഫ്.ഐ ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള നടപടി നിര്‍ദേശിച്ച് ഉത്തരവിറക്കി. പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23നായിരുന്നു മിന്നൽ ഹർത്താൽ. മുൻകൂർ അനുമതിയില്ലാതെ ഹർത്താൽ നടത്തിയതും കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ചു നശിപ്പിച്ചത് ഉൾപ്പെടെ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനുമാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.