ആർ.എസ്.എസ്സിനെതിരെയുള്ള നിലപാടുകളിൽ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രം -പോപുലർ ഫ്രണ്ട്
text_fieldsതിരുവനന്തപുരം: പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായി കേന്ദ്ര ഏജൻസിയായ എൻ.ഐ.എ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ. പോപുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി വി.പി. നാസറുദീൻ, സംസ്ഥാന പ്രസിഡൻ്റ് സി.പി. മുഹമ്മദ് ബഷീർ, ദേശീയ സമിതിയംഗം പ്രഫ. പി. കോയ തുടങ്ങി 14 നേതാക്കൾ കസ്റ്റഡിയിലാണ്.
ആർ.എസ്.എസ് ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന പ്രസ്ഥാനമാണ് പോപുലർ ഫ്രണ്ട്. ആർ.എസ്.എസ്സിൻ്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപുലർ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പോപുലർ ഫ്രണ്ടിനെ വേട്ടയാടുന്നത്.
രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ് പോപുലർ ഫ്രണ്ട്. ഇതുവരെ പോപുലർ ഫ്രണ്ടിനെതിരെ ഒരു വിധ്വംസക പ്രവർത്തനവും തെളിയിക്കാൻ ആരോപണങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാര ഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും സാധിച്ചിട്ടില്ല.
ഹിന്ദുത്വ ഫാഷിസം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയർത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപുലർ ഫ്രണ്ടിനെ പകപോക്കൽ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടം അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടൽ നടത്തുന്നത്.
ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും തകർക്കാനൊരുങ്ങുന്ന ആർ.എസ്.എസ്സിനെതിരെയുള്ള നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും.
ഈ രാജ്യത്തെ തകർക്കുന്ന സംഘപരിവാരത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ സന്ദേശം കഴിഞ്ഞ മുപ്പത് വർഷമായി പോപുലർ ഫ്രണ്ട് ഈ സമൂഹത്തിൽ പകർന്നു നൽകിയിട്ടുണ്ട്. ആ സന്ദേശവും അതേറ്റെടുത്ത രാജ്യത്തെ സ്നേഹിക്കുന്ന ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.
ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് രാത്രിയുടെ മറവിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തിയത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും ജില്ലാ ഓഫീസുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.