കരുത്ത് തെളിയിച്ച് പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനം
text_fieldsകോഴിക്കോട്: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച വളന്റിയർ മാർച്ചും ജനമഹാസമ്മേളനവും സംഘടനയുടെ കരുത്തിന്റെ പ്രഖ്യാപനമായി.
ആയിരക്കണക്കിന് കാഡറ്റുകള്‍ അണിനിരന്ന വളന്റിയര്‍ മാര്‍ച്ചിന് സമാന്തരമായി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ നഗരവഴികളിലൂടെ ഒഴുകാൻ തുടങ്ങിയതോടെ മണിക്കൂറുകളോളം കോഴിക്കോട് നഗരം സ്തംഭിച്ചു.
സ്റ്റേഡിയം പരിസരത്തുനിന്ന് വൈകീട്ട് 4.30ഓടെയാണ് മാർച്ച് ആരംഭിച്ചത്. ആറുമണിയോടെ കോഴിക്കോട് കടപ്പുറത്തെ സമ്മേളന നഗരി ജനസമുദ്രമായി. മലബാറിലെ വിവിധ ജില്ലകളിൽനിന്ന് കുടുംബസമേതമെത്തിയ പ്രവർത്തകരാൽ കടപ്പുറം നിറഞ്ഞു.
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ഹിന്ദുത്വ, ഏകാധിപത്യ അജണ്ടകള്‍ തുറന്നുകാട്ടുന്ന നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് സമ്മേളന നഗരിയില്‍ പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടില്‍ ബാൻഡ് സംഘത്തിന്റെയും കാഡറ്റുകളുടെയും പ്രകടനവുമുണ്ടായി.
ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി, എൻ.ഡബ്ല്യു.എഫ് ദേശീയ പ്രസിഡന്റ് ലുബ്ന സിറാജ്, മനുഷ്യാവകാശ പ്രവർത്തകൻ എ. വാസു, എ.ഐ.ഐ.സി സംസ്ഥാന ജനറൽ സെക്രട്ടറി അൽ ഹാഫിസ് അഫ്സൽ ഖാസിമി, കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ എന്നിവർ സംസാരിച്ചു.
ബ്രിട്ടീഷ് അനുകൂലികള്‍ സ്വാതന്ത്ര്യദിനത്തിന്റെ വക്താക്കളാകുന്നത് അപകര്‍ഷതമൂലം -അനീസ് അഹ്മദ്
കോഴിക്കോട്: ബ്രിട്ടീഷനുകൂലികള്‍ സ്വാതന്ത്ര്യദിനത്തിന്റെ വക്താക്കളാകുന്നത് അപകര്‍ഷത മൂലമാണെന്ന് പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്മദ് പറഞ്ഞു.
'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോള്‍ ബ്രിട്ടീഷ് അനുകൂലികളെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിലയിരുത്തിയവരാണ് ഇന്ന് ആസാദി കാ അമൃത് മഹോത്സവുമായി മുന്നോട്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.