പോപുലർ ഫ്രണ്ട് റെയ്ഡ്: കരിപ്പൂരിൽ വ്യോമസേന വിമാനമെത്തി
text_fieldsകരിപ്പൂർ: പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡിനെത്തിയ ദേശീയ അന്വേഷണ ഏജൻസിക്ക് സുരക്ഷ ഒരുക്കാൻ കേന്ദ്രസേനയെത്തിയത് വ്യോമസേന വിമാനത്തിൽ. കോഴിക്കോട് വിമാനത്താവളത്തിൽ ബുധനാഴ്ച വൈകീട്ടാണ് വ്യോമസേനയുടെ ഐ.എൽ 76 ഗജരാജ വിമാനം എത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സായിരുന്നു (സി.ആർ.പി.എഫ്) വിമാനത്തിലുണ്ടായിരുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെയ്ഡിനെത്തിയ എൻ.ഐ.എ സംഘത്തിന് സി.ആർ.പി.എഫ് സംഘം സുരക്ഷ ഒരുക്കി. നടപടികൾക്കു ശേഷം വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വിമാനം കരിപ്പൂരിൽനിന്ന് മടങ്ങി. കസ്റ്റഡിയിലെടുത്ത പോപുലർ ഫ്രണ്ട് ദേശീയ നേതാക്കളെ വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയതായി അഭ്യൂഹമുണ്ട്.
എൻ. ഐ. എ റെയ്ഡിനെ ന്യായീകരിച്ച് പ്രകാശ് ജാവ്ദേക്കർ
നെടുമ്പാശ്ശേരി: തീവ്രവാദമുൾപ്പെടെ തെറ്റായ പ്രവർത്തനങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് ദേശീയ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ. പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോട് രാജ്യാന്തരവിമാനത്താവളത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടേത് 'ചോടോ' യാത്രയായി മാറി. കേരളത്തിൽ ബി.ജെ.പിയുടെ സ്വാധീനം വിപുലമാക്കാൻ പുതിയ പ്രവർത്തന രീതി അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.